കണ്ണൂർ: കണ്ണൂരിൽ മഴദുരിതം തുടരുന്നു. 91 ദുരിതാശ്വാസ ക്യാന്പുകൾ ജില്ലയിൽ തുറുന്നു. 1946 കുടുംബങ്ങളിലെ 8707 ആളുകളാണ് ക്യാന്പുകളിൽ കഴിയുന്നത്. മഴക്കെടുതിയിൽ ഇതുവരെ നാലുപേർ മരിച്ചു. ഇന്ന് പയ്യന്നൂർ കൊറ്റിയിലും പുളിങ്ങോത്ത് ആറാട്ടുകടവിലും രണ്ടുപേർ മരിച്ചു.
പാനൂർ, മാഹി, ആലക്കോട്, കരുവഞ്ചാൽ, ചപ്പാരപ്പടവ്, ഇരിട്ടി, ശ്രീകണ്ഠപുരം, പയ്യന്നൂർ എന്നിവിടങ്ങളിൽ കനത്ത മഴ തുടരുകയാണ്. പാനൂർ പ്രദേശങ്ങളിലെ പുഴകൾ കരകവിഞ്ഞ് ഒഴുകുന്നതിനാൽ പാനൂർ കിഴക്കൻ മേഖലയിലെ റോഡുകളെല്ലാം വെള്ളത്തിലാണ്. ബസ് ഗതാഗതം പൂർണമായും നിലച്ചു.
കുപ്പം, ആലക്കോട് പുഴകൾ കരകവിഞ്ഞതിനെ തുടർന്ന് നിരവധി കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു. ആലക്കോട് പാത്തൻപാറയിൽ രണ്ടിടങ്ങളിലായി ഉണ്ടായ ഉരുൾപൊട്ടലിൽ വ്യാപകമായ കൃഷിനാശമാണ് ഉണ്ടായിരിക്കുന്നത്. ആലക്കോട്, കരുവഞ്ചാൽ മേഖല ഉരുൾപൊട്ടൽ ഭീഷണിയിലാണ്.
പന്തക്കൽ മൂലക്കടവിൽ പൊന്ന്യം പുഴ കരകവിഞ്ഞതോടെ കടകളിൽ വെള്ളം ഉയർന്നുകൊണ്ടിരിക്കുകയാണ്. പയ്യന്നൂരിൽ വെള്ളക്കെട്ടിൽ വീണ് ഒരാൾ മരിച്ചു. പയ്യന്നൂരിലും പരിസരപ്രദേശങ്ങളിലുമുള്ള 150 ഓളം വീടുകൾ വെള്ളത്തിലാണ്.
ശ്രീകണ്ഠപുരത്ത് മഴയ്ക്ക് നേരിയ ശമനം ഉണ്ടെങ്കിലും ശ്രീകണ്ഠപുരം, ചെങ്ങളായി പ്രദേശങ്ങളിൽ വെള്ളം താഴ്ന്നിട്ടില്ല. കടകളിൽ വെള്ളം കയറിയതിനാൽ വ്യാപാരികൾക്ക് കോടികളുടെ നഷ്ടമാണ് ഉണ്ടായിരിക്കുന്നത്. ഇരിട്ടിയിലെ ഉൾപ്രദേശങ്ങളിലെ റോഡുകളുടെ വെള്ളം താഴ്ന്നുതുടങ്ങിയിരിക്കുകയാണ്.
വൈകുന്നേരത്തോടെ ഇവിടുത്തെ ഗതാഗതം പുനഃസ്ഥാപിക്കും. മാതമംഗലത്തും ചപ്പാരപ്പടവ് ടൗണിലും പഴയങ്ങാടി ബസ്സ്റ്റാൻഡ് എന്നിവിടങ്ങളിൽ വെള്ളം ഇറങ്ങിയിട്ടില്ല.