ശ്രീകണ്ഠപുരം: മഴയ്ക്ക് നേരിയ ശമനമുണ്ടെങ്കിലും ശ്രീകണ്ഠപുരവും ചെങ്ങളായിയും ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ വെള്ളം താഴുന്നില്ല. ചെങ്ങളായിയിൽ രണ്ടുനില വീടിന്റെ മുകൾഭാഗം വരെ ദിവസങ്ങളായി വെള്ളത്തിലാണ്. ശ്രീകണ്ഠാപുരം ബസ് സ്റ്റാൻഡ് മുഴുവനും വെള്ളത്തിലായപ്പോൾ സൂപ്പർ മാർക്കറ്റുകൾ, വസ്ത്രാലയങ്ങൾ തുടങ്ങി ചെറുകിട വ്യാപാര സ്ഥാപനങ്ങളും ഇവിടെയുള്ള സാധനങ്ങളും ഉൾപ്പെടെ വെള്ളത്തിലായി.
കോടികളുടെ നഷ്ടമാണു വ്യാപാരികൾക്ക് ഉണ്ടായിരിക്കുന്നത്. എല്ലാ വർഷവും വെള്ളം കയറുന്നതാണെങ്കിലും ഇത്തവണത്തെ കയറ്റം അപ്രതീക്ഷിതമായിരുന്നു. അതുകൊണ്ടു തന്നെ സ്ഥിരമായി വെള്ളം കയറാത്ത കടകളിലെ സാധനങ്ങൾ മാറ്റാതെ നിന്നവർക്കാണു കൂടുതൽ നഷ്ടം സംഭവിച്ചത്.
അരിച്ചാക്കുകളും തുണിത്തരങ്ങൾ, കംപ്യൂട്ടറുകൾ, മൊബൈൽ ഫോണുകൾ തുടങ്ങിയവയും ശ്രീകണ്ഠപുരത്തെ തടിമില്ല് വ്യാപാരിയുടെ ലക്ഷങ്ങളുടെ മരങ്ങളും വെളളം കൊണ്ടുപോയി. കോട്ടൂർപുഴ പഴയങ്ങാടിയിൽ നിന്നു ഗതിമാറി ഒഴുകിയതിനാൽ ടൗണിലും പരിസരത്തും രൂക്ഷമായ ഒഴുക്കാണ്
. ഹോട്ടലുകളിലും മറ്റുസ്ഥാപനങ്ങളിലും ജോലിചെയ്യുന്ന ടൗണിലെ വാടക മുറികളിലുള്ള ഇതര സംസ്ഥാന തൊഴിലാളികളും ബുദ്ധിമുട്ടിലാണ്. മിക്ക പ്രദേശങ്ങളും വെള്ളത്തിലായതിനാലും ദിവസങ്ങളായി വൈദ്യുതി വിതരണം തകർന്നതിനാലും മറ്റുള്ളവരെ ബന്ധപ്പെടാനോ മറ്റു പ്രദേശങ്ങളിലേക്ക് എത്തിപ്പെടുവാനോ സാധിക്കുന്നില്ല.