കണ്ണൂർ: ഇന്നലെ റെഡ് അലർട്ടിന്റെ ആശങ്ക നീങ്ങി മഴ കുറഞ്ഞെങ്കിലും ജില്ലയിൽ രാവിലെ മുതൽ മലയോര മേഖലയിൽ ഉൾപെടെ മഴ പെയ്യുന്നുണ്ട്.കനത്ത മഴ ഏറ്റവും കൂടുതൽ നാശം വിതച്ച ഇരിട്ടി,കൊട്ടിയൂർ,ആലക്കോട് മേഖലയിൽ വെള്ളക്കെട്ടിന് നേരിയ ശമനമുണ്ട്. എന്നാൽ ആലക്കോട്,തേർത്തല്ലി,എരുവേശി എന്നിവിടങ്ങളിൽ മണ്ണിടിച്ചിലുണ്ടായി.
മുണ്ടേരിക്കടവ് റോഡിൽ വെള്ളം കയറി അപകടാവസ്ഥ നിലനിൽക്കുകയാണ്.ഇതുവഴിയുള്ള ഗതാഗതം നിർത്തിവച്ചു.പുഴയും റോഡും തിരിച്ചറിയാൻ സാധിക്കാത്ത വിധം വെള്ളം കയറിയിട്ടുണ്ട്.തേർത്തല്ലി തോടിനു കുറുകെയുള്ള നടപ്പാത ഒലിച്ചുപോയി.ജില്ലയിൽ കഴിഞ്ഞ ആറു ദിവസമായി വൈദ്യുതി ഇല്ലാത്ത മേഖല നിരവധിയാണ്.
മഴയെ തുടർന്ന് ഇന്നലെ ജില്ലയിലെ കെഎസ്ആർടിസി സർവ്വീസുകൾ നിർത്തിവച്ചു.71 സർവ്വീസുകളാണ് റദ്ദ് ചെയ്തത്.കണ്ണൂർ ഡിപ്പോയിൽ 24 സർവ്വീസുകളാണ് നിർത്തിയത്യ കോയമ്പത്തൂർ,മൈസൂരൂ,ബെംഗളരു,ഊട്ടി,വിരാജ്പേട്ട എന്നീ അന്തർ സംസ്ഥാന സർവ്വീസുകളാണ് ഇന്നലെ നിർത്തിവച്ചത്.പയ്യന്നൂർ ഡിപ്പോയിൽ നിന്നും ഒൻമ്പതും തലശേരി ഡിപ്പോയിൽ 38 സർവീസും റദ്ദുചെയ്തു.രൂക്ഷമായ പ്രളയക്കെടുതി നേരിടുന്ന പ്രദേശങ്ങളിൽ മത്സ്യതൊഴിലാളികൾ രക്ഷാപ്രവർത്തനത്തിനിറങ്ങി.