
കണ്ണൂർ: ഉരുകിയൊലിക്കുന്ന ചൂടിന് ആശ്വാസമായ ജില്ലയിൽ പലയിടങ്ങളിലും വേനൽമഴ പെയ്തു. ഇന്നലെ രാത്രിയും ഇന്നു രാവിലെയുമായാണ് ചൂടിനെ ശമിപ്പിച്ച് നേരിയ മഴ ലഭിച്ചത്.
പയ്യന്നൂർ, മാതമംഗലം, മലയോരമേഖലയിലും മഴ പെയ്തു. രാവിലെ മുതൽ കണ്ണൂരിലും പരിസര പ്രദേശങ്ങളിലും അന്തരീക്ഷം മേഘാവൃതമായിരുന്നെങ്കിലും മഴ പെയ്തില്ല.
എങ്കിലും ചൂടിന് ഒരൽപ്പം ആശ്വാസമുള്ളതായി പുറത്ത് ജോലി ചെയ്യുന്നവർ പറയുന്നു. കഴിഞ്ഞ ഒരാഴ്ചയായി ജില്ലയിൽ കനത്ത ചൂടാണ് അനുഭവപ്പെടുന്നത്. ഇതുകാരണം ഉച്ച 12 മുതൽ മൂന്നുവരെ നേരിട്ട് വെയിലേൽക്കുന്ന ജോലി ചെയ്യുന്നതിന് സർക്കാർ നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു.
ചൂട് കനത്തതോടെ പലയിടങ്ങളിലും വരൾച്ചയുടെ ലക്ഷണങ്ങൾ കണ്ടുതുടങ്ങിയിട്ടുണ്ട്. കിണറുകളും കുളങ്ങളും വറ്റിത്തുടങ്ങി. ശുദ്ധജല വിതരണം കാര്യക്ഷമമാക്കാൻ ജില്ലാ പഞ്ചായത്തും സർക്കാരും വിവിധ പദ്ധതികളുമായി രംഗത്തുണ്ട്.