കാട്ടാക്കട : കനത്തമഴയിൽ മലയോരമേഖലയിൽ വെള്ളംകയറി. ഇന്നലെ ഉച്ചയ്ക്കുശേഷം പെയ്ത കനത്ത മഴയെ തുടർന്ന് നെയ്യാർ അണക്കെട്ടിന്റെ നാല് ഷട്ടറുകൾ 40 സെന്റീമീറ്റർ ഉയർത്തി.
മഴ വീണ്ടും ശക്തമായാൽ ഷട്ടറുകൾ കൂടുതൽ ഉയർത്തുമെന്നും തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്നും അധികൃതർ അറിയിച്ചു. മഴ കനത്തതിനെ തുടർന്ന് കോട്ടൂർ വനത്തിൽ തെഴിലുറപ്പ് തൊഴിലാളികൾ കുടുങ്ങി.
ഇന്നലെ രാവിലെ വനത്തിലെ ചോനംപാറ, വാലിപ്പാറ ഭാഗങ്ങളിൽ ജോലിക്ക് പോയ30 തൊഴിലാളികൾ കുടുങ്ങിയത്.ഇവരെ പുറത്തെത്തിക്കാനുള്ള ശ്രമം തുടരുകയാണ്. തോടുകൾ പലതും കരകവിഞ്ഞതോടെ പുറം നാട്ടിലേക്കുള്ള റോഡുകൾ മുങ്ങിപ്പോയതോടെ തൊഴിലാളികൾക്ക് നാട്ടിലെത്താൻ കഴിയാതെ വരുകയായിരുന്നു.
കുമ്പിൾമൂട് തോട് കരകവിഞ്ഞതിനെ തുടർന്നാണ് കോട്ടൂരിലെ കടകളിൽ വെള്ളം കയറി. പേങ്ങാട് തോട് കരകവിഞ്ഞ് വൻകൃഷിനാശവും വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചെന്നും നാട്ടുകാർ പറഞ്ഞു.
വാഴപ്പള്ളി, ചപ്പാത്ത്,കുരുന്തരക്കോണം, പച്ചക്കാട്, വഞ്ചിക്കുഴി, നിലമ, പരുത്തിപ്പള്ളി, കാര്യോട്, പറണ്ടോട്, ആര്യനാട്, കൊക്കോട്ടേല, ഈഞ്ചപ്പുരി, കോട്ടയ്ക്കകം എന്നിവിടങ്ങൾ വെള്ളത്തിനടയിലായി. വനത്തിലെ മുല്ലയാർ, കാരയാർ, കല്ലാർ, മണിയങ്കത്തോട്, മുന്നാറ്റിൻമുക്ക് തോട് എന്നിവ നിറഞ്ഞ് ഒഴുകുകയാണ്.