തിരുവനന്തപുരം: സംസ്ഥാനത്ത് ഞായറാഴ്ച രാവിലെ വരെ വ്യാപകമായി മഴ പെയ്യുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. തിങ്കളാഴ്ച രാവിലെ വരെ ഒറ്റപ്പെട്ട പ്രദേശങ്ങളിൽ കനത്തതോ അത്യന്തം കനത്തതോ ആയ മഴയ്ക്കു സാധ്യതയുണ്ട്.
അടുത്ത 24 മണിക്കൂറിനുള്ളിൽ കേരളതീരത്ത് പടിഞ്ഞാറൻ കാറ്റിന്റെ വേഗം ചില അവസരങ്ങളിൽ മണിക്കൂറിൽ 60 കിലോമീറ്റർ വരെ ആകാൻ സാധ്യതയുണ്ട്. അറബിക്കടലിന്റെ തെക്കുപടിഞ്ഞാറൻ ഭാഗത്തും മധ്യ, വടക്കൻ ഭാഗങ്ങളിലും കടൽ പ്രക്ഷുബ്ധമായിരിക്കാൻ സാധ്യതയുള്ളതിനാൽ മീൻപിടുത്തക്കാർ ഈ പ്രദേശങ്ങളിലേക്കു പോകരുതെന്നും മുന്നറിയിപ്പിൽ പറയുന്നു.