തിരുവനന്തപുരം: തെക്കൻ ജില്ലകളിലും മധ്യ കേരളത്തിലും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. തിരുവനന്തപുരം ജില്ലയിൽ അതിതീവ്ര മഴയുണ്ടാകാൻ സാധ്യതയുള്ളതിനാൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു.
ഞായറാഴ്ച കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, കാസർഗോഡ് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. സംസ്ഥാനത്താകെ രണ്ടു ദിവസം മഴയുണ്ടാകുമെന്നാണ് മുന്നറിയിപ്പ്.
ബംഗാൾ ഉൾക്കടലിൽ ആൻഡമാൻ തീരത്ത് പുതിയ ന്യൂനമർദ്ദം രൂപപ്പെട്ടതാണ് സംസ്ഥാനത്ത് മഴ കനക്കുമെന്ന മുന്നറിയിപ്പിന് കാരണം.
കഴിഞ്ഞ രാത്രി മുതൽ തലസ്ഥാന ജില്ലയിലെ മലയോര മേഖലകളിൽ ശക്തമായ മഴയുണ്ട്. പലയിടത്തും മണ്ണിടിച്ചിലും വെള്ളപ്പൊക്കവും ഉണ്ടായി. തിരുവനന്തപുരം-നാഗർകോവിൽ റൂട്ടിൽ ട്രാക്കിലേക്ക് മണ്ണിടിഞ്ഞ് ട്രെയിൻ ഗതാഗതം തടസപ്പെട്ടു.
നെയ്യാർ, അരുവിക്കര, പേപ്പാറ ഡാമുകളിൽ ജലനിരപ്പ് ഉയർന്നതോടെ ഷട്ടറുകൾ തുറന്നു. തീരത്ത് താമസിക്കുന്നവർക്ക് അധികൃതർ ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്.
ഉച്ചയ്ക്ക് ശേഷവും രാത്രിയും തെക്കൻ ജില്ലകളിലും മധ്യകേരളത്തിലും മഴ കനക്കുമെന്നാണ് പ്രവചനം. അത്യാവശ്യ യാത്രകൾ മാത്രമേ നടത്താവൂ എന്നും മലയോര മേഖലയിൽ രാത്രിയാത്ര ഒഴിവാക്കണമെന്നും മുന്നറിയിപ്പുണ്ട്.