തിരുവനന്തപുരം: ഏപ്രില്‍ എട്ട് വരെ സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത. തെക്കന്‍ കേരളത്തിലും മധ്യകേരളത്തിലുമാണ് കൂടുതല്‍ മഴയ്ക്ക് സാധ്യത.
ഉച്ചയോടെ ശക്തമായ കാറ്റോടും ഇടിമിന്നലോടും കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.
ബംഗാള്‍ ഉള്‍ക്കടലില്‍ നിന്നുള്ള ഈര്‍പ്പം ഏറിയ കാറ്റും ആന്‍ഡമാന്‍ കടലില്‍ രൂപപ്പെടുന്ന ന്യൂനമര്‍ദ്ദവുമാണ് ശക്തമായ മഴയ്ക്ക് കാരണം.
ബംഗാള്‍ ഉള്‍ക്കടലില്‍ ഇന്ന് ചക്രവാതച്ചുഴി രൂപപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്. തുടര്‍ന്നുള്ള 24 മണിക്കൂറിനുള്ളില്‍ ഇത് ന്യൂനമര്‍ദ്ദമായി മാറും.
തുടർന്ന് തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ശക്തമായ കാറ്റിന് സാധ്യതയുണ്ട്. മോശം കാലാവസ്ഥയ്ക്ക് സാധ്യതയുള്ളതിനാല്‍ മത്സ്യതൊഴിലാളികള്‍ ജാഗ്രത പാലിക്കണം.