തിരുവനന്തപുരം: സംസ്ഥാനത്ത് പെരുമഴ തുടരുന്നു. 24 മണിക്കൂർ കൂടി കനത്ത മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇന്നലെ വൈകുന്നേരം മുതൽ തിരുവനന്തപുരം ജില്ലയിൽ മഴ തുടരുകയാണ്. തിരുവനന്തപുരം ജില്ലയിലെ പ്രഫഷണൽ കോളജുകൾ ഒഴികെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് ജില്ലാ കലക്ടർ ഡോ. കെ. വാസുകി അവധി പ്രഖ്യാപിച്ചു.
നദീതീരങ്ങളിലുള്ളവർ ജാഗ്രത പുലർത്തണമെന്നും ജില്ലാ കലക്ടർ അറിയിച്ചു. കണ്ണൂരിലെ ചില മേഖലകളിലെ സ്കൂളുകൾക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. കൊട്ടിയൂര്‍, കേളകം, കണിച്ചാര്‍, തില്ലങ്കേരി, മുഴക്കുന്ന്, കോളയാട്, ചിറ്റാരിപ്പറന്പ് എന്നിവിടങ്ങളിലെ സ്കൂളുകള്‍ക്കാണ് അവധി പ്രഖ്യാപിച്ചത്.
പത്തനംതിട്ട, ഇടുക്കി, ആലപ്പുഴ, കണ്ണൂർ, കോഴിക്കോട് എന്നീ ജില്ലകളിൽ മഴ തുടരുകയാണ്. മലയോരമേഖലകളിൽ വ്യാപകമായി കൃഷിനാശമുണ്ടായിട്ടുണ്ട്. നദീതീരങ്ങളിൽ വസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് നിർദേശിച്ചിട്ടുണ്ട്. മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്നും നിർദേശമുണ്ട്.