തിരുവനന്തപുരം: പെരുമഴയിൽ നനഞ്ഞ് കേരളം. തീവ്ര മഴയെ തുടർന്ന് സംസ്ഥാനത്തെ ജില്ലകളിൽ ജാഗ്രതാ നിർദേശം നൽകി.
മലയോരമേഖലകളിലും തീരപ്രദേശങ്ങളും അതീവ ജാഗ്രതാ നിർദേശമാണ് നൽകിയിരിക്കുന്നത്. ഇടുക്കി, കണ്ണൂർ ജില്ലകളിൽ ഇന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ചു. മറ്റ് എല്ലാ ജില്ലകളിലും ഓറഞ്ച് അലർട്ടാണ്.
മറ്റന്നാൾ വരെ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകുന്നതിന് വിലക്കുണ്ട്. അഞ്ച് ദിവസം ശക്തമായ മഴ സാധ്യതയുണ്ടെന്ന മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്താകെ എല്ലാ ജില്ലകളിലും കൺട്രോൾ റൂം തുറന്നിട്ടുണ്ട്.
ക്വാറികളുടെ പ്രവര്‍ത്തനങ്ങളും മലയോര മേഖലകളിലെയും ജലാശയങ്ങളിലെയും വിനോദസഞ്ചാരത്തിനും നിയന്ത്രണമേര്‍പ്പെടുത്താൻ നിർദേശമുണ്ട്.
ആലപ്പുഴ, എറണാകുളം, കാസർഗോഡ് ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധിയാണ്. എറണാകുളത്ത് എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും കാസർഗോഡ് കോളജ് ഒഴികെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കുമാണ് അവധി.
ആലപ്പുഴയിൽ പ്രഫഷണൽ കോളജുകളും അങ്കണവാടികളും ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധിയാണ്.
എറണാകുളം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിൽ കനത്ത മഴ തുടരുകയാണ്. ആലപ്പുഴയില്‍ ഹരിപ്പാട്, കരുവാറ്റ മേഖലകളില്‍ വീടുകളില്‍ വെള്ളം കയറി. എറണാകുളം ജില്ലയിൽ രാവിലെ മുതൽ ശക്തമായ മഴ തുടരുകയാണ്.
തീരമേഖലയിൽ കടലാക്രമണവും രൂക്ഷമാണ്. 2018ൽ പ്രളയം ബാധിച്ച മേഖലകളിൽ അതീവജാഗ്രത വേണമെന്ന് നിർദേശമുണ്ട്.
തൃശൂർ പെരിങ്ങാവിൽ റോഡിലേക്ക് മരം കടപുഴകി വീണു. ഇതേത്തുടർന്ന് ഷൊർണൂർ റോഡിൽ ഗതാഗതം തടസപ്പെട്ടു. പത്തനംതിട്ട കുരുന്പൻമുഴി കോസ്വേയിൽ മരം ഒഴുകി വന്ന് വഴിയടഞ്ഞതോടെ 250 കുടുംബങ്ങൾ ഒറ്റപ്പെട്ടതായി റിപ്പോർട്ടുണ്ട്.
പന്പാനദിയിൽ ജലനിരപ്പുയരുകയാണ്. കനത്ത മഴയില്‍ കോട്ടയം പൂഞ്ഞാര്‍ തെക്കേക്കരയില്‍ വീട് തകര്‍ന്നു. മീനച്ചിലാറിന്റെ സമീപത്തുള്ള വീടാണ് തകര്‍ന്നത്. കനത്ത മഴയില്‍ ജലനിരപ്പ് ഉയര്‍ന്നതാണ് കാരണം.
മഴയില്‍ ആറിന്റെ സംരക്ഷണ ഭിത്തി തകര്‍ന്ന് വീടിന്റെ ഒരു ഭാഗം ഇടിഞ്ഞു വീഴുകയായിരുന്നു. വീട്ടിലുണ്ടിയിരുന്നവര് അദ്ഭുതകരമായി രക്ഷപ്പെട്ടു. ഇവര്‍ ശബ്ദം കേട്ട് ഓടിമാറുകയായിരുന്നു.
ദേശീയ ദുരന്ത പ്രതികരണ സേനയുടെ 7 സംഘങ്ങളെ ഇടുക്കി, പത്തനംതിട്ട , മലപ്പുറം, വയനാട്, കോഴിക്കോട്, ആലപ്പുഴ,തൃശൂർ എന്നി ജില്ലകളിൽ അടിയന്തര ഘട്ടങ്ങളിൽ ഉപയോഗിക്കാനായി സജ്ജമാക്കിയിട്ടുണ്ട്.
മഴയുടെ തീവ്രത കണക്കിലെടുത്ത് ജില്ലാതല, താലൂക്ക് തല എമർജൻസി ഓപ്പറേഷൻ സെന്ററുകൾ 24 മണിക്കൂറും പ്രവർത്തിക്കണമെന്ന് നിർദേശം നൽകിയിട്ടുണ്ട്.
വിവിധ വകുപ്പ് പ്രതിനിധികളെയും ദേശീയ ദുരന്ത പ്രതികരണ സേനാ പ്രതിനിധികളെയും ഉൾപ്പെടുത്തി സംസ്ഥാന എമർജൻസി ഓപ്പറേഷൻ സെന്റർ പ്രവർത്തനമാരംഭിച്ചു.
മുന്നറിയിപ്പിന്റെ സാഹചര്യത്തിൽ ഒരു കാരണവശാലും നദികൾ മുറിച്ചു കടക്കാനോ, കുളിക്കാനോ മീൻപിടിക്കാനോ മറ്റ് ആവശ്യങ്ങൾക്കോ നദികളിൽ ഇറങ്ങാനോ പാടില്ല.
മലയോര മേഖലയിലേക്കുള്ള രാത്രി സഞ്ചാരം പരമാവധി ഒഴിവാക്കണം. ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുള്ളതിനാൽ തീരദേശത്തു താമസിക്കുന്നവർ അപകട മേഖലകളിൽനിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണം.
ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണമായും ഒഴിവാക്കണം. കേരളം കർണാടക ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് പോകരുത്. കാറ്റ് മൂലമുള്ള അപകടങ്ങളിലും പ്രത്യേകം ജാഗ്രത പാലിക്കാൻ ശ്രദ്ധിക്കുക.