തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു. തെക്കൻ കേരളത്തിലും മധ്യകേരളത്തിലുമാണ് ശക്തമായ മഴ. ഉച്ചയ്ക്ക് ശേഷവും കനത്ത മഴ തുടരുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. പ്രത്യേക സാഹചര്യം കണക്കിലെടുത്ത് സംസ്ഥാനത്തെ 12 ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു.
കണ്ണൂരും കാസർഗോഡും ഒഴികെയുള്ള ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. കണ്ണൂർ, കാസർകോട് ജില്ലകളിൽ യെല്ലോ അലർട്ടും പുറപ്പെടുവിച്ചിട്ടുണ്ട്. ബുധനാഴ്ച 13 ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരത്തെ മാത്രമാണ് ബുധനാഴ്ച ഓറഞ്ച് അലർട്ടിൽ നിന്ന് ഒഴിവാക്കിയിട്ടുള്ളത്.
ബുധനാഴ്ച കോട്ടയം മുതൽ കാസർഗോഡു വരെ പത്തുജില്ലകളിലും ഓറഞ്ച് അലർട്ടുണ്ട്. കനത്ത മഴയ്ക്ക് പുറമെ ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുണ്ടെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കനത്ത മഴയും കാറ്റും ഉള്ള സാഹചര്യത്തിൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് കാലാവസ്ഥ വകുപ്പ് നിർദേശം നൽകി.
കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ചീഫ് സെക്രട്ടറി ഉന്നതതലയോഗം വിളിച്ചു. തിരുവനന്തപുരത്ത് ഉച്ചയ്ക്കു ശേഷമാണ് യോഗം. സംസ്ഥാനത്തെ സ്ഥിതിഗതികൾ യോഗം വിലയിരുത്തും.