തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു. രണ്ട് ദിവസം കൂടി ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് നിഗമനം. തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ യെല്ലോ അലർട്ട് ആണ്. മറ്റെല്ലാ ജില്ലകളിലും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.
ആറ് ജില്ലകളിൽ പൂര്‍ണമായും ഒരു ജില്ലയില്‍ ഭാഗികമായും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു. കണ്ണൂർ, തൃശൂർ, എറണാകുളം, ഇടുക്കി, കോട്ടയം എന്നീ ജില്ലകളില്‍ പ്രഫഷണൽ കോളജുകൾ ഉള്‍പ്പടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധിയായിരിക്കും.
കാസര്‍ഗോഡ് ജില്ലയില്‍ പ്രഫഷണൽ കോളജുകൾ ഒഴികെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്.കുട്ടനാട് താലൂക്കിലെ പ്രഫഷണൽ കോളജ് ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ദുരിതാശ്വാസ ക്യാമ്പുകളായി പ്രവർത്തിക്കുന്ന സ്കൂളുകൾക്കും ഇന്ന് അവധിയായിരിക്കും.
പത്തനംതിട്ട ജില്ലയിൽ ചിലയിടങ്ങളിൽ ആരംഭിച്ചിട്ടുള്ള ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന വിദ്യാലയങ്ങൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
എപിജെ അബ്ദുൾ കലാം സാങ്കേതിക സർവകലാശാല, എംജി സർവകലാശാല, കണ്ണൂർ സർവകലാശാല എന്നിവിടങ്ങളിൽ ഇന്ന് നടത്താൻ നിശ്ചയിച്ചിരുന്ന പരീക്ഷകൾ മാറ്റി. അവധി മൂലം നഷ്ടപെടുന്ന പഠന സമയം ക്രമീകരിക്കുന്നതിന് വിദ്യാഭ്യാസ സ്ഥാപന മേധാവികൾ നടപടി സ്വീകരിക്കേണ്ടതാണെന്നും കലക്ടർമാർ നിർദേശിച്ചു.
മഹാത്മാ ഗാന്ധി സർവകലാശാല ഇന്നത്തെ പരീക്ഷകൾ മാറ്റിവച്ചു. കണ്ണൂർ സർവകലാശാല ഇന്ന് നടത്താൻ നിശ്ചയിച്ചിരുന്ന പരീക്ഷകൾ മാറ്റി.മലപ്പുറത്ത് ഒരു കുടുംബത്തിലെ അഞ്ച് പേർ ഒഴുക്കിൽപ്പെട്ടു.
ഇന്ന് പുലർച്ചെ മൂന്നിന് നിലമ്പൂർ അമരമ്പലത്ത് ക്ഷേത്രത്തിന് സമീപം വാടകക്ക് താമസിക്കുന്ന കുടുംബത്തിലെ മൂന്ന് കുട്ടികളും രണ്ട് സ്ത്രീകളുമാണ് ഒഴുക്കിൽപ്പെട്ടത്. ഇതിൽ മൂന്നു പേരെ രക്ഷപ്പെടുത്തി. രണ്ടു പേരെ കാണാതായി. ഇവർക്കായുള്ള തിരച്ചിൽ ഊർജിതമാക്കി. കുതിരപ്പുഴയിലാണ് ഇവരെ കാണാതായത്.
സുശീല (60), അനുശ്രീ (12) എന്നിവരെയാണ് കാണാതായത്.പെരിയാർ, മണിമലയാർ, പന്പ, അച്ചൻകോവിൽ ആറുകളിൽ ജലനിരപ്പുയരുന്നു. മുതിരപ്പുഴയാര്‍, പെരിയാർ തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
കണ്ണൂരിലും ഇടുക്കിയിലും മലയോര മേഖലകളിൽ രാത്രിയാത്ര നിരോധിച്ചു. പത്തനംതിട്ടയിൽ മണിയാർ ഡാം തുറന്ന പശ്ചാത്തലത്തിൽ പന്പ, കക്കാട്ടാർ തീരങ്ങളിൽ താമസിക്കുന്നവർക്ക് ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. ഇടുക്കിയിലെ കല്ലാർക്കുട്ടി, പാംബ്ല ഡാമുകൾ തുറന്നു.
പാംബ്ല ഡാമിന്റെ രണ്ട് ഷട്ടറുകളാണ് തുറന്നത്. ആദ്യ ഷട്ടർ 75 സെന്റീമീറ്ററും രണ്ടാമത്തെ ഷട്ടർ 30 സെൻ്റീമീറ്ററുമാണ് തുറന്നത്. കല്ലാർകുട്ടി ഡാമിന്റെ രണ്ട് ഷട്ടറുകളാണ് തുറന്നത്. ഒരു ഷട്ടർ 15 സെൻ്റീമീറ്ററും രണ്ടാമത്തം ഷട്ടർ 90 സെന്റീമീറ്ററുമാണ് തുറന്നിരിക്കുന്നത്.
ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 2307.84 അടിയിലെത്തി.കൊച്ചിയിലും കോഴിക്കോടും പൊന്നാനിയിലും കടലാക്രമണം ശക്തമാണ്. പൊന്നാനിയിൽ കടൽക്ഷോഭത്തിൽ നാല് വീടുകൾ പൂർണമായും 15 വീടുകൾ ഭാഗികമായും തകർന്നു. തിരുവനന്തപുരത്ത് കുന്നത്തുകാലിൽ വീടിനു മുകളിലേക്ക് മരം വീണു.
വീട്ടിലുണ്ടായിരുന്ന കിടപ്പുരോഗിയുൾപ്പെടെയുള്ളവർ അത്ഭുതകരമായി രക്ഷപ്പെട്ടു. ആലപ്പുഴയിലും വയനാട്ടിലും വീടുകൾക്ക് മുകളിൽ മരം വീണു. കോഴിക്കോട് ഇരുവഞ്ഞി പുഴയിൽ ഒഴുക്കിൽപ്പെട്ട് കാണാതായ ആൾക്കായി തെരച്ചിൽ തുടരുകയാണ്.
തോട്ടപ്പള്ളിയിൽ പൊഴി മുറിക്കുന്നതിനിടെ കാണാതായ ഇതര സംസ്ഥാന തൊഴിലാളിക്കായും തെരച്ചിൽ നടക്കുന്നുണ്ട്.
ആലപ്പുഴയിൽ ശക്തമായ കാറ്റിലും മഴയിലും മരങ്ങൾ കടപുഴകി വീണ് ആറ് വീടുകൾ തകർന്നു. എടത്വ വീയപുരത്ത് അഞ്ചു വീടുകൾക്ക് മരണം വീണ് നാശനഷ്ടമുണ്ടായി.
ഒരു ചെറുവള്ളത്തിന്റെ മുകളിൽ മരം വീണ് വള്ളം തകർന്നു. കൃഷിക്കും വ്യാപക നാശമുണ്ടായി. ഇടുക്കിയിൽ ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ സാധ്യത മേഖലകളിൽ ജാഗ്രത തുടരുകയാണ്.മുണ്ടക്കയത്ത് മലവെള്ളപ്പാച്ചിലുണ്ടായി.
കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിന്റെ സുരക്ഷാ മതില് ഇടിഞ്ഞ് വീണു. 1869 ല്‍ നിര്‍മിച്ച മതിലാണ് കനത്തമഴയില്‍ തകര്‍ന്നത്. രാവിലെ ഏഴിനാണ് 25 മീറ്ററോളം ദൂരത്തില്‍ മതിലിടിഞ്ഞ് വീണത്. സായുധ സുരക്ഷാ ഉദ്യോഗസ്ഥരെ ഇവിടെ നിയോഗിക്കുമെന്ന് ജയില്‍ സുപ്രണ്ട് പി.വിജയന് പറഞ്ഞു.
അഞ്ച് ദിവസം കൂടി സംസ്ഥാനത്ത് മഴ തുടരുമെന്നാണ് മുന്നറിയിപ്പ്. മലയോരമേഖകളിൽ ഉള്ളവരും തീരദേശവാസികളും ഈ ദിവസങ്ങളിൽ അതീവ്ര ജാഗ്രത പാലിക്കണം. മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് നിർദേശമുണ്ട്.