തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് . അറബിക്കടലിനും ബംഗാൾ ഉൾക്കടലിനും മുകളിൽ സ്ഥിതി ചെയ്യുന്ന ചക്രവാതചുഴികൾ ഇന്ന് ന്യൂനമർദമായി ശക്തി പ്രാപിച്ചേക്കും.
അതേ സമയം ഇന്ന് ഒരു ജില്ലകളിലും മഴ മുന്നറിയിപ്പ് നൽകിയിട്ടില്ല. മലയോര മേഖലയിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണമെന്ന് നിർദേശമുണ്ട്. ഉയർന്ന തിരമാലക്കും കടലാക്രമണത്തിനും സാധ്യതയുള്ളതിനാൽ കടലിൽ ഇറങ്ങിയുള്ള വിനോദ പരിപാടികളും ബീച്ചിലേക്കുള്ള യാത്രയ്ക്കും നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്.
കേരള-കർണാടക തീരങ്ങളിൽ മത്സ്യ ബന്ധനത്തിന് വിലക്ക് ഏർപ്പെടുത്തിയിട്ടില്ല. തിരുവനന്തപുരത്ത് ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്കൂളുകൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
മധ്യ ബംഗാൾ ഉൾക്കടലിലും വെള്ളിയാഴ്ചയോടെ ന്യൂനമർദ്ദം രൂപപ്പെടുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ്. ഇതിന്റെ സ്വാധീനഫലമായി വരും ദിവസങ്ങളിലും സംസ്ഥാനത്ത് മഴ പ്രതീക്ഷിക്കാം.