തിരുവനന്തപുരം: മഹാരാഷ്ട്ര തീരം മുതല്‍ മധ്യ കേരള തീരം വരെ സ്ഥിതി ചെയ്യുന്ന ന്യൂനമര്‍ദ്ദ പാത്തിയും കേരള തീരത്തു പടിഞ്ഞാറന്‍/ തെക്ക് പടിഞ്ഞാറന്‍ കാറ്റ് ശക്തമായതും കാരണം സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു. വടക്കന്‍ ജില്ലകളില്‍ മഴ ശക്തമാകുമെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്കി. ഇന്ന് രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട് ആണ്. വയനാട്, കണ്ണൂര്‍ ജില്ലകളില്‍ ആണ് ഓറഞ്ച് അലർട്ട്. ഇവിടെ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ അതിശക്തമായ മഴ ഉണ്ടാകും.
ഇന്ന് എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കാസര്‍ഗോഡ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. വെള്ളിയാഴ്ച കോഴിക്കോട്, കണ്ണൂര്‍ , കാസര്‍ഗോഡ് ജില്ലകളിലും ശക്തമായ മഴയാണ് കാലാവസ്ഥ വകുപ്പ് പ്രതീക്ഷിക്കുന്നത്.കേരള – ലക്ഷദ്വീപ് തീരങ്ങളിലും, കര്‍ണാടക തീരത്തും മത്സ്യബന്ധനത്തിന് പോകാന്‍ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
മണിക്കൂറില്‍ 35 മുതല്‍ 45 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 55 കിലോമീറ്റര്‍ വരെയും വേഗത്തില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു.ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ ആറ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. വയനാട്, പത്തനംതിട്ട, ഇടുക്കി, കോട്ടയം, എറണാകുളം, ആലപ്പുഴ ജില്ലകളിലാണ് കളക്ടര്‍മാര്‍ അവധി പ്രഖ്യാപിച്ചത്.
പ്രൊഫഷണല്‍ കോളജുകള്‍ ഉള്‍പ്പടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി ബാധകമാണ്. അവധി നിർദേശം മറികടന്ന് പ്രവർത്തിച്ചാൽ ശക്തമായ നടപടിയെടുക്കുമെന്ന് പത്തനംതിട്ട ജില്ലാ കളക്ടർ വ്യക്തമാക്കി. ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധിയാണ്.
മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്കും പിഎസ്സി പരീക്ഷകള്‍ക്കും മാറ്റമുണ്ടാകില്ല. പൊന്മുടി ഇക്കോ ടൂറിസത്തിലേക്കുള്ള യാത്ര നിരോധിച്ചു. ഇടുക്കിയിലും വയനാട്ടിലും കോട്ടയത്തും വിനോദ സഞ്ചാരത്തിന് വിലക്കുണ്ട്. രാത്രി യാത്ര നിരോധനവും തുടരുന്നുണ്ട്. പെരിയാർ, മുതിരപ്പുഴയാർ എന്നിവയുടെ തീരങ്ങളിൽ ജാഗ്രത നിർദ്ദേശമുണ്ട്. വയനാട് ജില്ലയിൽ ഖനനത്തിന് കലക്ടർ താൽക്കാലിക വിലക്ക് ഏർപ്പെടുത്തി. ഇന്നും നാളെയും ഖനനവോ മണ്ണെടുപ്പോ പാടില്ല. വിനോ ദസഞ്ചാര കേന്ദ്രങ്ങളും ഇന്ന് അടച്ചിടും.