കൊച്ചി: ഇന്നലെ രാത്രി മുതല്‍ തുടരുന്ന കനത്ത മഴയില്‍ കൊച്ചിയില്‍ പലയിടത്തും വെള്ളം കയറി. ഇതേതുടര്‍ന്ന് ഗതാഗതക്കുരുക്കും രൂക്ഷമായി.
എറണാകുളം നഗരത്തില്‍ എംജി റോഡിന്റെ വിവിധ ഭാഗങ്ങളിലും, ചിറ്റൂര്‍ റോഡിലും, നോര്‍ത്ത്, കെഎസ്ആര്‍ടിസി സ്റ്റാൻഡ്, കടവന്ത്ര-പൊന്നുരുന്നി റോഡ്, കലൂര്‍, സൗത്ത്, പനമ്പിള്ളി നഗര്‍, സൗത്ത് കടവന്ത്ര, പി ആന്‍ഡ് ഡി കോളനി, തൃപ്പൂണിത്തുറ പേട്ട തുടങ്ങി വിവിധയിടങ്ങള്‍ രാവിലെ വെള്ളക്കെട്ടിലായി.
മഴക്കാലത്തെ വെള്ളക്കെട്ട് മുന്നില്‍കണ്ട് നടത്തിയ ഓപ്പറേഷന് ബ്രേക്ക് ത്രൂ ഫലം കണ്ടില്ലെന്നാണ് ഇതിലൂടെ തെളിയുന്നത്. പശ്ചിമകൊച്ചിയില്‍ പള്ളുരുത്തി, തോപ്പുംപടി, ഇടക്കൊച്ചി, കുമ്പളങ്ങി മേഖലകളിലും വീടുകളില്‍ ഉള്‍പ്പെടെ വെള്ളം കയറി. പള്ളുരുത്തി പെരുമ്പടപ്പ് രാജീവ്ഗാന്ധി ജംഗ്ഷനില്‍ കനത്ത മഴയെ തുടര്‍ന്ന് മരം കടപുഴകി വീണു.
തീരദേശമേഖലയായ ചെല്ലാനത്ത് കടലാക്രമണ ഭീതിയിലാണ് പ്രദേശവാസികള്‍. നിലവില്‍ ചെറിയ രീതിയിലുള്ള വെള്ളക്കെട്ട് മാത്രമാണ് വിവിധയിടങ്ങളില്‍ ഉണ്ടായിട്ടൂള്ളൂ. എന്നാല്‍ വേലിയേറ്റ സമയത്ത് കൂടുതല്‍ വെള്ളം കയറാന്‍ സാധ്യതയുണ്ടെന്ന് പ്രദേശവാസികള്‍ പറയുന്നു.
കിഴക്കന്‍മേഖലകളായ കോതമംഗലം, മൂവാറ്റുപുഴ എന്നിവിടങ്ങളില്‍ മഴ തുടരുന്നുണ്ടെങ്കിലും നാശനഷ്ടങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. കനത്ത മഴ 48 മണിക്കൂര്‍ കൂടി തുടരുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.