നെടുന്പാശേരി: കനത്ത മഴയിൽ റണ്‍വേയിൽ വെള്ളം കയറിയതിനെ തുടർന്ന് താൽക്കാലികമായി അടച്ചിരുന്ന കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പ്രവർത്തനങ്ങൾ സാധാരണനിലയിലായി. തിങ്കളാഴ്ച സാധാരണ ഷെഡ്യൂൾ അനുസരിച്ചിട്ടുള്ള അന്താരാഷ്ട്ര, ആഭ്യന്തര സർവീസുകൾ എല്ലാം തന്നെ നടന്നു.
ഇക്കഴിഞ്ഞ ഒന്‍പതിന് രാത്രി ഒന്‍പതിനാണ് വിമാനത്താവളം താൽക്കാലികമായി അടച്ചത്. റണ്‍വേയിൽനിന്നു വെള്ളം ഇറങ്ങിയതിനെതുടർന്ന് ഞായറാഴ്ച ഉച്ചയോടെ പ്രവർത്തനം പുനരാരംഭിച്ചു. അന്ന് ഉച്ചയ്ക്ക് 12.15 ന് അബുദാബിയിൽ നിന്നുള്ള ഇൻഡിഗോ വിമാനമാണ് കൊച്ചിയിൽ ആദ്യമെത്തിയത്.
തിങ്കളാഴ്ച ഉച്ചയ്ക്കുശേഷം വിവിധ ആഭ്യന്തര, അന്താരാഷ്ട്ര സർവീസുകൾ ഷെഡ്യൂൾ ചെയ്തിട്ടുണ്ട്. സാധാരണയായി നെടുന്പാശേരിയിലെ അന്താരാഷ്ട്ര ടെർമിനലിൽ പ്രതിദിനം 88 ലാൻഡിംഗും 88 ടേക്ക് ഓഫും ആഭ്യന്തര ടെർമിനലിൽ 150 ലാൻഡിംഗും 150 ടേക്ക് ഓഫുമാണ് നടന്നുവന്നിരുന്നത്.
വിമാനത്താവളം തുറന്നതിനുശേഷവും ശുചീകരണ പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്. വിമാനങ്ങൾ ഇറങ്ങേണ്ട റണ്‍വേ ഉൾപ്പടെയുള്ള ഭാഗങ്ങളാണ് ആദ്യം വൃത്തിയാക്കിയത്. ബാക്കിഭാഗങ്ങളിൽ ശുചീകരണം പുരോഗമിക്കുകയാണ്. യാത്രക്കാർക്ക് ബുദ്ധിമുട്ടുകൾ ഇല്ലാത്ത വിധത്തിലാണ് ശുചീകരണ പ്രവർത്തനങ്ങൾ. കഴിഞ്ഞ പ്രളയകാലത്തും കൊച്ചി വിമാനത്താവളം അടച്ചിടേണ്ടി വന്നിരുന്നു .