കൊച്ചി: ഇന്നു പുലർച്ചെ മുതൽ തിമിർത്തു പെയ്യുന്ന മഴയിൽ കൊച്ചി നഗരം വെള്ളത്തിലായി. നഗരത്തിലെ എല്ലാ സ്ഥലങ്ങളിലും വെള്ളക്കെട്ട് രൂക്ഷമാണ്. നഗരത്തിലെ പല റോഡുകളിലും മുട്ടറ്റം വരെ വെള്ളം ഉയർന്നു.
ജില്ലയിൽ യെല്ലോ അലെർട്ട് പ്രഖ്യാപിച്ചു. വെള്ളക്കെട്ടും ഗതാഗതക്കുരുക്കും ഹൈക്കോടതിയുടെ പ്രവർത്തനത്തെ ബാധിച്ചു. ഹൈക്കോടതിയിൽ 11 നാണ് സിറ്റിംഗ് ആരംഭിച്ചത്.
എറണാകുളം സൗത്ത് നോർത്ത് റെയിൽവേ സ്റ്റേഷൻ പരിസരം, കഐസ്ആർടിസി ബസ് സ്റ്റാൻഡ്, ഹൈക്കോർട്ട്, മേനക, കലൂർ ബസ് സ്റ്റാൻഡ്, കതൃക്കടവ് റോഡ്, എംജി റോഡ്, കലൂർ സ്റ്റേഡിയം റോഡ്, തേവര, പെരുമാനൂർ, നോർത്ത് ഇഎസ്ഐ റോഡ്, കടവന്ത്ര, പി ആൻഡ് ഡി കോളനി, ഉദയാ കോളനി, കുമാരനാശാൻ റോഡ്, പാലാരിവട്ടം, ലിസി എന്നിവിടങ്ങളിലെല്ലാം വെള്ളക്കെട്ട് രൂക്ഷമാണ്. കെഎസ്ആർടിസി ബസുകൾ സ്റ്റാൻഡിനു പുറത്തു നിറുത്തിയാണ് യാത്രക്കാരെ ഇറക്കുന്നത്.
സൗത്ത് നോർത്ത് റെയിൽവേ സ്റ്റേഷനുകളിലെ റോഡുകളിലും മുട്ടറ്റം വരെ വെള്ളമുണ്ട്. പശ്ചിമകൊച്ചിയിലെ താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിനടിയിലായി. നഗരത്തിൽ വൻ ഗതാഗതക്കുരുക്കാണ് അനുഭവപ്പെടുന്നത്.
പ്രധാന റോഡുകളിലും ഇട റോഡുകളിലുമെല്ലാം വാഹനങ്ങളുടെ നീണ്ട നിരയാണുള്ളത്. കലൂർ കതൃക്കടവിൽ സിബിഐ ഓഫീസിനു മുന്നിൽ മരം കടപുഴകി റോഡിലേക്ക് വീണു.
ഈ ഭാഗത്തും രൂക്ഷമായ ഗതാഗതക്കുരുക്കാണ് അനുഭവപ്പെടുന്നത്. പ്രസ്ക്ലബ് റോഡിൽ നിന്നുള്ള ഫയർഫോഴ്സെത്തി മരം നീക്കം ചെയ്യാനുള്ള ശ്രമങ്ങൾ തുടരുകയാണ്.
ലിസി ഭാഗത്തു വെള്ളം കയറിയ വീട്ടുകളിൽ നിന്ന് ആളുകളെ ഒഴിപ്പിച്ചു. നഗരത്തിലെ പല കടകളിലും ഓഫീസുകളിലും വെള്ളം കയറി.
ബസ് സ്റ്റോപ്പുകളിൽ ഇറങ്ങിയവർ മുട്ടറ്റം വരെയുള്ള വെള്ളത്തിൽ നന്നേ പണിപ്പെട്ടാണ് ലക്ഷ്യ സ്ഥാനത്ത് എത്തിയത്. കാനകൾ പൊളിഞ്ഞു കിടക്കുന്ന സ്ഥലങ്ങൾ ഉള്ളതിനാൽ അപകടം ഉണ്ടാകുമോയെന്നെ ശങ്കിച്ചാണ് യാത്രക്കാർ വെള്ളത്തിലൂടെ നീങ്ങിയത്.