കോട്ടയം: മഴയിലും കാറ്റിലും വീണുപോയ നെല്ല് നാട്ടുകാർക്ക് നൽകി കർഷകർ. മുട്ടന്പലം മണ്ണുകേരി, ചേരിയ്ക്കൽ പാടശേഖരത്തിലെ നെല്ലാണ് കാറ്റിലും മഴയിലും വീണു തൊണ്ടു പഴുത്ത് നശിച്ചത്. കുന്നിൻ ചെരുവിനോടു ചേർന്നുള്ള പാടശേഖരമായതിനാൽ മഴയിൽ ശക്തമായ വെള്ളം പാടത്തത്തി.
നെൽക്കതിർ മൂടി വെള്ളം വന്നതോടെ നെല്ലിന്റെ തൊണ്ട് ചീഞ്ഞ് പഴുത്തു. നെൽക്കതിർ കിളിർക്കാനും തുടങ്ങി. സമയത്ത് കൊയ്ത്ത് യന്ത്രം കിട്ടാത്തതിനാലും എത്തിയ കൊയ്ത്ത് യന്ത്രം പാടത്ത് ഇറക്കാൻ സാധിക്കാത്തതിനാലും കർഷകർക്ക് ഏക്കറുകണക്കിനെ പാടത്തെ നെല്ല് കൊയ്തെടുക്കാൻ സാധിച്ചില്ല.
37 ഏക്കർ പാടശേഖരത്തെ 10 ഏക്കർ മാത്രമാണ് കർഷകർക്ക് കൊയ്തെടുക്കാനായത്. ഇടയ്ക്ക് വീണ്ടും മഴയും കാറ്റുമെത്തിയതോടെ നാട്ടുകാരോടു നെൽ കൊയ്തെടുത്തോളാൻ കർഷകർ പറഞ്ഞു. ഇതോടെ പ്രദേശവാസികൾ നെല്ല് കൊയ്തെടുക്കാൻ തുടങ്ങി.
ലോക്ക് ഡൗണ്‍ കാലമായതിനാൽ പ്രദേശവാസികൾക്ക് നെല്ല് കൊയ്തെടുക്കാൻ സമയവും ലഭിച്ചു. നെല്ല് വീണുപോയതോടെ കർഷകർക്ക് വലിയ നഷ്ടമാണുണ്ടായിരിക്കുന്നത്. ലക്ഷങ്ങൾ വായ്പയെടുത്ത് തരിശുപാടത്ത് പത്തോളം കർഷകർ ചേർന്നായിരുന്നു കൃഷിയിറക്കിയിരുന്നത്.