കൊല്ലം: കാലവര്‍ഷം തുടരുന്ന പശ്ചാത്തലത്തില്‍ അടിയന്തര സാഹചര്യങ്ങള്‍ നേരിടാനുള്ള എല്ലാ സംവിധാനങ്ങളും ജില്ലയില്‍ സുസജ്ജം. ആവശ്യമെങ്കില്‍ അയല്‍ ജില്ലകളിലേക്ക് രക്ഷാപ്രവര്‍ത്തനത്തിന് പോകാന്‍ മത്സ്യത്തൊഴിലാളികളും മത്സ്യബന്ധനയാനങ്ങളും തയ്യാറാണെന്ന് ജില്ലാ കളക്ടര്‍ ബി അബ്ദുല്‍ നാസര്‍ അറിയിച്ചു. കളക്ട്രേറ്റില്‍ 24 മണിക്കൂറും കണ്ട്രോള് റൂം പ്രവര്‍ത്തിക്കും. 0474-2794002, 2794004, 9447677800 എന്നീ നമ്പരുകളിലാണ് സഹായത്തിനായി ബന്ധപ്പെടേണ്ടത്.
ജില്ലാ അടിയന്തരഘട്ട കാര്യനിര്‍വഹണ കേന്ദ്രം റവന്യൂ – ഫയര്‍ഫോഴ്സ് – പോലീസ് വകുപ്പുകള്‍ക്കൊപ്പം ജലസേചന – ആരോഗ്യ- ഫിഷറീസ് വകുപ്പുകളിലെ ഉദ്യോഗസ്ഥരെയും ഉള്‍പ്പെടുത്തി വിപുലീകരിച്ചിട്ടുണ്ട്. ജില്ലാ കളക്ടറുടെ നേരിട്ടുള്ള നിയന്ത്രണത്തിലാണ് കണ്ട്രോള് റൂമിന്റെ പ്രവര്‍ത്തനം. മണ്ണിടിച്ചില്‍ പോലുള്ള അടിയന്തര സാഹചര്യങ്ങള്‍ നേരിടാനായി ജെ സിബി, കട്ടറുകള്‍ തുടങ്ങിയ ഉപകരണങ്ങള്‍ ലഭ്യമാക്കും. ആറു താലൂക്കുകളിലും മുഴുവന്‍ സമയ കണ്ട്രോള് റൂം പ്രവര്‍ത്തിക്കുന്നുണ്ട്.
ജില്ലയില്‍ കാലവര്‍ഷക്കെടുതിയില്‍ ഒരു വീടു പൂര്‍ണമായും തകര്‍ന്നു . ആര്യങ്കാവ് ഇടപാളയത്തെ പണയില്‍ പാപ്പായുടെ വീടാണ് തകര്‍ന്നത്. 69 വീടുകള്‍ക്കാണ് ഭാഗിക നാശനഷ്ടം. താലൂക്ക് തലത്തില്‍ കൊട്ടാരക്കര – 16, കുന്നത്തൂര്‍ -41, കൊല്ലം – അഞ്ച്, കരുനാഗപ്പള്ളി – മൂന്ന്, പത്തനാപുരം – രണ്ട്, പുനലൂര്‍ – രണ്ട് എന്നിങ്ങനെയാണ് വീടുകള്‍ക്കുള്ള നാശനഷ്ടം.
പത്തനാപുരം വിളക്കുടിയില്‍ ആറ് വീടുകളില്‍ സമീപത്തുള്ള തോട് കരകവിഞ്ഞ് വെള്ളം കയറി. വീട്ടുകാര്‍ ബന്ധുവീടുകളിലേക്ക് താമസം മാറി. ജില്ലയില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ തുറക്കാനുള്ള സാഹചര്യം ഇല്ല.
അവധി ദിവസങ്ങളിലുംപ്രവര്ത്തിക്കണം
കാലവര്‍ഷം തുടരുന്ന സാഹചര്യം കണക്കിലെടുത്ത് ആവശ്യമെങ്കില്‍ അവധി ദിവസങ്ങളിലും ഉദ്യോഗസ്ഥരുടെ സേവനം ലഭ്യമാക്കണമെന്ന് ജില്ലാ കളക്ടര്‍ നിര്‍ദേശിച്ചു. തഹസില്‍ദാര്‍മാര്‍ അവരവരുടെ താലൂക്കുകളുടെ അധികാര പരിധിയില്‍ തന്നെ ഉണ്ടാകണം.
ജില്ലാ കളക്ടറുടേയോ എഡിഎമ്മിന്റെയോ അനുമതിയില്ലാതെ അധികാരപരിധി വിട്ടു പോകരുത്. തഹസില്‍ദാര്‍മാരുടെ നിയന്ത്രണത്തിലുള്ള ഉദ്യോഗസ്ഥരും അനുമതിയില്ലാതെ താലൂക്ക് വിട്ടു പോകാന്‍ പാടില്ല. എല്ലാ ഉദ്യോഗസ്ഥരും മൊബൈല്‍ ഫോണില്‍ ബന്ധപ്പെടാവുന്ന സാഹചര്യത്തിലായിരിക്കണം.താലൂക്കുകളുടെ ചുമതലയുള്ള ആര് ഡിഒ മാരും ഡെപ്യൂട്ടി കളക്ടര്‍മാരും ദുരന്തനിവാരണത്തിന് ആവശ്യമായ മാര്‍ഗ നിര്‍ദേശങ്ങള്‍ നല്കി നടപടികള്‍ കൈക്കൊള്ളുന്നു എന്ന് ഉറപ്പാക്കുകയും വേണമെന്ന് നിര്‍ദേശമുണ്ട്.
അവലോകന യോഗം ഇന്ന്
കാലവര്‍ഷം ശക്തമായ പശ്ചാത്തലത്തില്‍ കെടുതികള്‍ നേരിടാന്‍ ജില്ലാതലത്തില്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ ജില്ലയുടെ ചുമതലയുള്ള മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മയുടെ അധ്യക്ഷതയില്‍ ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നിന് യോഗം ചേരും. കളക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരുന്ന യോഗത്തില്‍ കൊല്ലം, പുനലൂര്‍ ആര്‍ഡി ഒമാരും എല്ലാ ജില്ലാതല ഉദ്യോഗസ്ഥരും തഹസില്‍ദാര്‍മാരും പങ്കെടുക്കണം എന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. ദുരന്തപ്രതികരണ മാര്‍ഗരേഖ പ്രകാരം സ്വീകരിച്ച നടപടികള്‍ ഓരോ വകുപ്പിലേയും ഉദ്യോഗസ്ഥര്‍ വിശദീകരിക്കാനും നിര്‍ദേശിച്ചു.
ഫിഷറീസ് വകുപ്പ് കണ്ട്രോള് റൂം തുറുന്നു
കാലവര്‍ഷം ശക്തി പ്രാപിച്ച സാഹചര്യത്തില്‍ അടിയന്തര സാഹചര്യം നേരിടുന്നതിനായി ഫിഷറീസ് വകുപ്പ് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്ട്രോള് റൂം തുറുന്നു. ജില്ലാ ഫിഷറീസ് ഓഫീസ്, നീണ്ടകര ഫിഷറീസ് സ്റ്റേഷന്, അഴീക്കല്‍ ഹാര്‍ബര്‍ എന്നിവിടങ്ങളിലായാണ് കണ്ട്രോള് റൂമുകള്‍ പ്രവര്‍ത്തിക്കുക. പ്രത്യേക പരിശീലനം നേടിയ സീ റെസ്ക്യൂ സ്ക്വാഡുകള്‍, 60 മത്സ്യത്തൊഴിലാളികള്‍, 40 മത്സ്യബന്ധന യാനങ്ങള്‍ എന്നിവ സജ്ജീകരിച്ചിട്ടുണ്ട്.
കൂടാതെ ഫിഷറീസ് വകുപ്പിന്റെ പട്രോള്‍ ബോട്ടുകളും മറൈന്‍ എന്‍ഫോഴ്സ്മെന്റ് വിഭാഗവും തയ്യാറായിട്ടുണ്ട്.കാലാവസ്ഥാ മുന്നറിയിപ്പിന്റെ അടിസ്ഥാനത്തില്‍ മത്സ്യത്തൊഴിലാളികള്‍ നാല് ദിവസത്തേക്ക് കടലില്‍ പോകരുതെന്നും അടിയന്തര സാഹചര്യത്തില്‍ കണ്ട്രോള് റൂമുമായി ബന്ധപ്പെടണമെന്നും ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു.