കൊല്ലം: മഴക്കെടുതിയുടെ ദുരിതം അനുഭവിക്കുന്നവര്‍ക്കായി കൊല്ലത്ത് നിന്നുള്ള സഹായ പ്രവാഹം തുടരുന്നു. ആദ്യ ദിവസം രണ്ട് വാഹനങ്ങള്‍ നിറയെ സഹായ വസ്തുക്കളാണ് പുറപ്പെട്ടതെങ്കില്‍ ഇന്നലെ വാഹനങ്ങളുടെ എണ്ണം മൂന്നായി ഉയരുകയായിരുന്നു. കോഴിക്കോട്, മലപ്പുറം എന്നിവടങ്ങളിലേക്ക് വീണ്ടും ലോഡ് അയച്ചതിന് പുറമേ വയനാട്ടിലേക്കും വാഹനം അയക്കാനായി.
ആവശ്യങ്ങള്‍ മുന്‍നിറുത്തി മുന്‍ഗണനാ ക്രമത്തില്‍ ജില്ലാ കളക്ടര്‍ ബി. അബ്ദുല്‍ നാസര്‍ തയാറാക്കിയ പട്ടിക പ്രകാരമാണ് ആശ്വാസ വസ്തുക്കള്‍ പ്രധാന ശേഖരണ കേന്ദ്രമായ ടി. എം. വര്‍ഗീസ് ഹാളിലേക്ക് എത്തിക്കുന്നത്. ഏതൊക്കെയാണ് വേണ്ടതെന്ന് നേരിട്ടും സന്ദേശങ്ങള്‍ മുഖേനയും പ്രചരിപ്പിച്ചാണ് ഇതു സാധ്യമാക്കിയത്. ക്ലീനിംഗ് മോപ്പ് – ബ്രഷ്, ഗ്ലൗസ്, ബ്ലീച്ചിംഗ് പൗഡര്‍, മാസ്ക്, ബക്കറ്റ്, കാലുറ എന്നിവയുടെ ആവശ്യകത നിലനില്‍ക്കുകയാണെന്ന് കളക്ടര്‍ അറിയിച്ചു.
വിദ്യാര്‍ഥികളുടെ 500ലധികം വരുന്ന കൂട്ടായ്മ സന്നദ്ധസേവനത്തിനായി സജീവമാണ്. കേന്ദ്രത്തിലേക്ക് എത്തിക്കുന്ന വസ്തുക്കള്‍ തരം തിരിക്കുന്നത് മുതല്‍ അവ വാഹനങ്ങളിലേക്ക് കയറ്റുന്നതും യുവസംഘം. ഓരോ ഉത്പന്നത്തിന്റേയും കാലാവധി പരിശോധിച്ച് ഗുണനിലവാരം ഉറപ്പ് വരുത്തിയാണ് കയറ്റി അയക്കുന്നത്.
ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ അവശ്യ മരുന്നുകളുടെ വലിയ ശേഖരവും ലഭ്യമാക്കി. മെഴുകുതിരിയും തീപ്പെട്ടിയും മുതല്‍ അണുവിമുക്തിക്കുള്ള ഡെറ്റോള്‍ വരെയും ലോഷനും ചൂലും പായും പുതപ്പുകളും അടക്കം ക്യാമ്പുകളിലേക്ക് ആവശ്യമുള്ളവയെല്ലാം സുമനസ്സുകള്‍ എത്തിക്കുകയാണ്.
താലൂക്ക്തല ശേഖരണകേന്ദ്രങ്ങളില്‍ നിന്നുള്ള സഹായവസ്തുക്കളും സന്നദ്ധസംഘടനകളും കോളജ് വിദ്യാര്‍ഥികളും ക്ലബ്ബുകളും സമാഹരിക്കുന്നവയും ഇവിടെ ആവശ്യാനുസരണം എത്തിക്കുന്നുണ്ട്. തുടര്‍ന്നുള്ള ദിവസങ്ങളിലും അവശ്യവസ്തുക്കള്‍ ശേഖരിക്കുന്നത് തുടരും. കെ സോമപ്രസാദ് എംപി വിതരണ കേന്ദ്രം സന്ദര്‍ശിച്ചു സഹായ പ്രവര്‍ത്തനങ്ങളുടെ പുരോഗതി വിലയിരുത്തി.
അസിസ്റ്റന്റ് കളക്ടര്‍ മാമോനി ഡോലെ, എഡിഎം പി.ആര്.ഗോപാലകൃഷ്ണന്, തഹസില്‍ദാര്‍മാര്‍, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ നേതൃത്വം നല്കി. സ്കൂള്‍ – കോളജ് വിദ്യാര്‍ഥികള്‍, നെഹ്റു യുവകേന്ദ്ര വോളന്റിയര്‍മാര്‍, നാഷനല്‍ സര്‍വീസ് സ്കീം, വിവിധ സന്നദ്ധസംഘടനകള്‍ തുടങ്ങിയവയുടെ പ്രതിനിധികളാണ് രാപകല്‍ പ്രവര്‍ത്തിക്കുന്നത്.
ദുരിതാശ്വാസ പ്രവർത്തനത്തിൽ വ്യാപാരികളുടെ പങ്കാളിത്തം ഉറപ്പാക്കും
കൊല്ലം :പ്രകൃതിക്ഷോഭംമൂലം ദുരിതമനുഭവിക്കുന്നവർക്കും വ്യാപാര സ്ഥാപനങ്ങൾക്ക് നാശം സംഭവിച്ച വ്യാപാരികളെയും സഹായിക്കുവാനും സംരക്ഷിക്കാനും വ്യാപാരി സമൂഹം പ്രതിജ്ഞാബദ്ധമാണ്.ദുരിതാശ്വാസ കേന്ദ്രങ്ങളിൽ സഹായഹസ്തവുമായ് വ്യാപാരികൾ പ്രവർത്തനസജ്ജരാണ്.
കഴിഞ്ഞ പ്രളയകാലത്തെപ്പോലെ വ്യാപാരികളുടെ സ്ഥാപനങ്ങളിൽ വന്ന് മറ്റുള്ളവർ നിർബന്ധിത പിരിവുകളും സാധന സാമഗ്രികൾ എടുത്ത് കൊണ്ട് പോകുന്നതും അനുവദിക്കില്ലെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് ടി.നസിറുദ്ദീനും ജനറൽ സെക്രട്ടറി രാജു അപ്സരയും പറഞ്ഞു.
കഴിഞ്ഞ പ്രളയകാലത്മ് കഷ്ടനഷ്ടം സംഭവിച്ച വ്യാപാരികൾക്ക് സംഘടന വഴികൊടുത്ത സഹായമല്ലാതെ സർക്കാരിന്റെ ഭാഗത്ത് നിന്നും യാതൊരു ആനുകൂല്യവും ലഭിച്ചില്ല. വ്യാപാരികൾ വഴി സമാഹരിക്കുന്ന സഹായധനം യൂണിറ്റ് കമ്മറ്റികൾ വഴി ജില്ലാ കമ്മറ്റികൾ ശേഖരിച്ച സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ദുരിതമനുഭവിക്കുന്ന വ്യാപാരികൾ ഉൾപ്പെടെയുള്ളവർക്ക് എത്തിച്ച് നൽകും. ഉൽപന്ന പിരിവുകൾ ഒഴിവാക്കി പരമാവധി സാമ്പത്തിക സമാഹരണം നടത്തി യൂണിറ്റികൾ ജില്ലാ കമ്മറ്റികളെ ഏൽപിക്കുമെന്ന് ടി.നസിറുദ്ദീനും രാജു അപ്സരയും അറിയിച്ചു.