കോട്ടയം: ഇന്നലെ ഉരുൾ പൊട്ടലുണ്ടായ കൂട്ടിക്കൽ മേഖലയിൽ അതീവ ജാഗ്രത തുടരുന്നു. കൂട്ടിക്കൽ പഞ്ചായത്തിലെ മ്ലാകര, മൂപ്പൻമല എന്നിവിടങ്ങളിലെ മൂന്നിടങ്ങളിലാണ് ഉരുൾ പൊട്ടിയത്. ഇന്നലെ വൈകുന്നേരം അഞ്ചിനാണ് ഉരുൾപൊട്ടലുണ്ടായത്.
ജനവാസം കുറവായ മേഖലയായതിനാലാണ് വലിയ അപകടങ്ങൾ ഒഴിവായത്. ഇവിടങ്ങളിൽ നിന്നും 20 കുടുംബങ്ങളെ മാറ്റി പാർപ്പിച്ചു. രണ്ടു ക്യാന്പുകളിലാണ് ഇവരെ പാർപ്പിച്ചിരിക്കുന്നത്.
മ്ലാക്കരയിൽ ചപ്പാത്ത് അപകടാവസ്ഥയിലായതിനെ തുടർന്ന് രക്ഷാപ്രവർത്തകർ സാഹസകമായിട്ടാണ് ഇവരെ രക്ഷപ്പെടുത്തി ക്യാന്പുകളിൽ എത്തിച്ചത്.
ഇന്നലെ ഉച്ചകഴിഞ്ഞപ്പോൾ മുതൽ പ്രദേശത്ത് കനത്ത മഴയായിരുന്നു. കൊടുങ്ങ ഭാഗത്ത് കുടുങ്ങിയവരെയും മാറ്റി. കൊടുങ്ങ, വല്യന്ത, മ്ലാക്കര, ഇളങ്കാട് ടോപ്പ്, മുക്കളം ഭാഗത്ത് പെയ്ത കനത്ത മഴയാണ് ദുരിതം വിതച്ചത്.
എൻഡിആർഎഫിന്റെ രണ്ട് സംഘങ്ങൾ സ്ഥലത്ത് ക്യാന്പ് ചെയ്യുന്നുണ്ട്. ഉരുൾപൊട്ടലിനെ തുടർന്ന് പുല്ലകയാറിലും മണിമലയാറ്റിലും ജലനിരപ്പ് ഉയർന്നു. ഇന്നു രാവിലെ മുതൽ മഴയുടെ ശക്തി കുറഞ്ഞിട്ടുണ്ട്. പുല്ലകയാറിലെയും മണിമലയാറിലെയും ജലനിരപ്പ് താഴുകയും ചെയ്തിട്ടുണ്ട്.
കഴിഞ്ഞ ദിവസം ഇവിടെ പിരിച്ചുവിട്ട കാന്പുകളാണ് ഇന്നലെ തുറന്നത്. ക്യാന്പുകളിൽ കഴിഞ്ഞിരുന്ന പ്രദേശവാസികൾ വീടുകളിലേക്കു മടങ്ങിയ ഉടൻ തന്നെയാണ് ശക്തമായ മഴയും ഉരുൾ പൊട്ടലുമുണ്ടായത്. ഇതോടെ ഇവർ ക്യാന്പുകളിലേക്കു തിരികെ എത്തുകയായിരുന്നു.