കൂട്ടിക്കൽ: മഴക്കെടുതയിൽ സംസ്ഥാനത്ത് ഇന്നു നാലു മരണം; കൂട്ടിക്കൽ ചപ്പാത്തിനുസമീപം ഇന്നലെ ഒഴുക്കിൽപ്പെട്ട യുവാവിന്റെ മൃതദേഹം കണ്ടെത്തി.കൂട്ടിക്കൽ കന്നുപറന്പിൽ റിയാസി (44) ന്റെ മൃതദേഹം ഇന്നു രാവിലെ 7.30 ഓടെ കൂട്ടിക്കൽ ചപ്പാത്തിനു താഴെ ജലനിധി ടാങ്കിനുസമീപം പുല്ലകയാർ തീരത്തുനിന്നാണു കണ്ടെത്തിയത്.
റിയാസിന്റെ സുഹൃത്തുക്കൾ രാവിലെ നടത്തിയ തിരച്ചിലിലാണു മൃതദേഹം കണ്ടെത്തിയത്. കൂട്ടിക്കൽ ചപ്പാത്തിയിൽനിന്ന് ഏകദേശം 500 മീറ്റർ താഴ്ഭാഗത്തായിട്ട് ചെളിയിൽ പൊതിഞ്ഞ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.
പുല്ലകയാറ്റിലെ ജലനിരപ്പ് താഴ്ന്നതോടെ പോലീസും ഫയർഫോഴ്സും നാട്ടുകാരുടെയും നേതൃത്വത്തിൽ തിരച്ചിൽ ഊർജിതമാക്കിയിരുന്നു.
അതേസമയം ഇന്നലെ തകർത്തുപെയ്ത കനത്ത മഴയ്ക്ക് ഇന്നു രാവിലെ നേടിയ ശമനം ഉണ്ടായിട്ടുണ്ട്. രാവിലെ 10.30നു മന്ത്രി വി.എൻ. വാസവന്റെ നേതൃത്വത്തിൽ മുണ്ടക്കയത്തു വിവിധ വകുപ്പുകളുടെ അടിയന്തര യോഗവും വിളിച്ചു ചേർത്തിട്ടുണ്ട്.
പൂഞ്ഞാറിൽ ഉരുൾപൊട്ടൽ
കോട്ടയം: ജില്ലയുടെ മലയോരപ്രദേശത്ത് ഒറ്റപ്പെട്ട അതിതീവ്രമഴ തുടരുന്നു. രാവിലെ അതിശക്തമായ മഴയ്ക്കു ചെറിയ ശമനം നേരിട്ടെങ്കിലും ദുരിതത്തിനു കുറവില്ല.
ഇന്നലെ രാവിലെ മഴ തോർന്നെങ്കിലും ഉച്ചയോടെ ശക്തമായി. മലയോരമേഖലയായ തീക്കോയി, മൂന്നിലവ്, മേലുകാവ്, തലനാട്, പൂഞ്ഞാർ തെക്കേക്കര പഞ്ചായത്തുകളിലും ഈരാറ്റുപേട്ട, പാലാ പ്രദേശങ്ങളിലുമാണ് ശക്തമായ മഴ പെയ്തത്. മീനച്ചിൽ, മണിമലയാറുകളിൽ ജലനിരപ്പ് ക്രമാതീതമായി ഉയർന്നു കഴിഞ്ഞു.
പൂഞ്ഞാർ ഒറ്റയീട്ടിയിൽ രാത്രി ഉരുൾപൊട്ടി. പാലാ നഗരത്തിൽ വെള്ളം കയറി. മീനച്ചിലാറ്റിൽ ജല നിരപ്പുയർന്നതോടെ പാലാ ടൗണിലും വെള്ളം കയറി. കൊട്ടാരമറ്റം റോഡ്, ബസ് സ്റ്റാൻഡ് ഭാഗങ്ങളിലും വെള്ളം കയറി.
ഈരാറ്റുപേട്ട – പൂഞ്ഞാർ ഹൈവേ റോഡിൽ മൂന്നാനി, പനയ്ക്കപ്പാലം ഭാഗത്ത് വെള്ളം കയറി ഗതാഗതം പൂർണമായും സ്തംഭിച്ചു.
മീനച്ചിലാർ കരകവിഞ്ഞൊഴുകി പാലാ ടൗണിൽ വിവിധ ഇടങ്ങളിൽ വെള്ളം കയറി. ബിഷപ്പ് ഹൗസിന് മുൻഭാഗത്ത് വെള്ളം കയറി.
കൊട്ടാര മറ്റവും വെള്ളത്തിനടിയിലായി. വെളുപ്പിനു മൂന്നോടെയാണ് വഴിയിൽ വെള്ളം കയറി തുടങ്ങിയത്. കൊട്ടാരമറ്റത്ത് ഇന്നലെ രാത്രി പത്ത് മണിയോടെ വെള്ളം കയറി തുടങ്ങിയിരുന്നു.
പോലീസെത്തി റോഡ് ബ്ലോക്ക് ചെയ്തു. പോലീസ് നിരീക്ഷണം ശക്തിപ്പെടുത്തി. വെള്ളം കയറുന്ന വ്യാപാര സ്ഥാപനങ്ങളിലെ സാധന സാമഗ്രികൾ ഇന്നലെ തന്നെ മാറ്റിയിരുന്നു.