കോട്ടയം: വെള്ളമിറങ്ങിയിട്ടും മഴ തുടരുന്നത് ആശങ്ക ഉയർത്തുന്നു. വീടുകളിൽ നിന്ന് വെള്ളമിറങ്ങിയതോടെ പകുതിയോളം ആളുകൾ ദുരിതാശ്വാസ ക്യാന്പുകളിൽ നിന്ന് വീടുകളിലേക്ക് മടങ്ങി. വീട്ടിലെത്തിയവർക്കും ദുരിതമാണ് നേരിടേണ്ടി വരുന്നത്. വീട്ടുപകരണങ്ങൾ നഷ്ടപ്പെട്ടവർ ഏറെയാണ്.
ഫ്രിഡ്ജ്, വാഷിംഗ് മെഷീൻ തുടങ്ങിയ ഉപകരണങ്ങൾ ഒട്ടുമിക്ക വീടുകളിലും നശിച്ചു. അതുപോലെ കസേര , മേശ, കട്ടിൽ , മെത്ത തുടങ്ങിയവയും നശിച്ചിട്ടുണ്ട്. കുട്ടികളുടെ പാഠപുസ്തകങ്ങളും നോട്ട് ബുക്കുകളും ബാങ്ക് പാസ് ബുക്കും , ആധാരം തുടങ്ങിയ രേഖകൾ നഷ്ടപ്പെട്ടവരും കുറവല്ല. ചിലരുടെ വീട്ടുപകരണങ്ങൾ വെള്ളത്തിൽ ഒഴുകിപ്പോയി. കസേരകൾ നഷ്ടപ്പെട്ടവർ നിരവധിയാണ്.
ചെറിയ വീടുകളുടെ കാര്യമാണ് ഏറെ കഷ്ടം. വെള്ളം കയറി വീട് താമസ യോഗ്യമല്ലാതായി. പുറമെ നിന്ന് നോക്കിയാൽ ഒരു കുഴപ്പവുമില്ല. എന്നാൽ അകത്തുകയറി കിടക്കാൻ പോലും കഴിയാത്ത നൂറുകണക്കിന് വീടുകളുണ്ട്. ഇവയ്ക്കൊന്നും സർക്കാർ ആനുകൂല്യം ലഭിക്കുകയില്ല.
ആനുകൂല്യം കിട്ടണമെങ്കിൽ വീടിന് നാശനഷ്ടമുണ്ടാവണം. നാശ നഷ്ടത്തിന് അർഹരാണെങ്കിലും സർക്കാർ നിർദേശിക്കുന്ന മാനദണ്ഡങ്ങൾ പ്രകാരം ആനുകൂല്യം കിട്ടാതെ ആയിരക്കണക്കിന് കുടുംബങ്ങൾ പുറത്താണ്. ഇവർക്കൊന്നും ഒരു ചില്ലിക്കാശ് പോലും ലഭിക്കില്ല. എന്നാൽ വീട് താമസയോഗ്യമല്ല എന്നതാണ് യാഥാർഥ്യം.
ക്യാന്പുകളിൽ നിന്ന് ആളുകൾ മടങ്ങിയെങ്കിലും പണിയൊന്നുമില്ലാതെ കഷ്ടപ്പെടുകയാണ് നൂറുകണക്കിനാളുകൾ. വീട് ശരിയാക്കിയെടുക്കാൻ ദിവസങ്ങൾ വേണ്ടിവരും. ഇന്നലെയും ഇന്നുമായി ശക്തമായ മഴയാണ് കോട്ടയം ജില്ലയുടെ പല ഭാഗങ്ങളിലും പെയ്യുന്നത്. ഇത് ആശങ്ക പരത്തുന്നതാണ്. വീണ്ടും വെള്ളപ്പൊക്കമുണ്ടാകുമോ എന്ന സംശയത്തിലാണ് ജനങ്ങൾ.