കോട്ടയം: ജില്ലയിൽനിന്ന് പ്രളയ ഭീഷണി ഒഴിയുന്നു. നദികളിൽ ജലനിരപ്പ് താഴ്ന്നു. ഇതോടെ താഴ്ന്ന പ്രദേശങ്ങളിൽനിന്ന് വെള്ളമിറങ്ങിത്തുടങ്ങി. ഈ നില തുടർന്നാൽ നാലഞ്ചു ദിവസത്തിനകം ദുരിതാശ്വാസ ക്യാന്പുകളിൽ നിന്ന് ജനങ്ങൾക്ക് വീടുകളിലേക്ക് മടങ്ങാം. 14, 15 തീയതികളിൽ കോട്ടയം ജില്ലയിൽ അതിതീവ്ര മഴയ്ക്കും മലയോര മേഖലയിൽ ഉരുൾ പൊട്ടലിനും സാധ്യതയുണ്ടെന്നായിരുന്നു മുന്നറിയിപ്പ്.
എന്നാൽ മഴ പെയ്തെങ്കിലും മറ്റ് അനിഷ്ട സംഭവങ്ങൾ ഒന്നുമില്ലാതെ രണ്ടുദിവസം കടന്നു പോയി. കടലിൽ രൂപപ്പെട്ട ന്യൂനമർദം ആഞ്ഞടിക്കാൻ സാധ്യതയുണ്ടെന്നായിരുന്നു മുന്നറിയിപ്പ്. പൂഞ്ഞാർ തെക്കേക്കര, കൂട്ടിക്കൽ, തലനാട് , തീക്കോയി പ്രദേശങ്ങളിൽ ഉരുൾ പൊട്ടലിന് സാധ്യതയുണ്ടെന്ന മുന്നറിയിപ്പിനെ തുടർന്ന് ജനങ്ങളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിയിരുന്നു.
വെള്ളം കായൽ വലിച്ചെടുക്കാത്തതിനാൽ പടിഞ്ഞാറൻ പ്രദേശങ്ങളിൽ ഇപ്പോഴും ജലനിരപ്പ് ഉയർന്നു തന്നെയാണ്. കുമരകം റൂട്ടിൽ ഇപ്പോഴും വാഹന ഗതാഗതം ഭാഗികമാണ്. ഇല്ലിക്കൽ, ആന്പക്കുഴി, ചെങ്ങളം താഴത്തറ ഭാഗങ്ങളിൽ റോഡിൽ വെള്ളം കയറിക്കിടക്കുകയാണ്. ചെറിയ വാഹനങ്ങൾക്ക് ഇപ്പോഴും സഞ്ചരിക്കാൻ ബുദ്ധിമുട്ട് നേരിടുന്നുണ്ട്. വാരിശേരി-പുല്ലരിക്കുന്ന് റൂട്ടിൽ ഇപ്പോഴും വാഹന ഗതാഗതം പുനഃസ്ഥാപിച്ചിട്ടില്ല.
ജില്ലയിൽ ദുരിതാശ്വാസ ക്യാന്പുകളുടെ എണ്ണത്തിൽ കുറവ് വന്നിട്ടുണ്ട്. ഇന്ന് 174 ക്യാന്പുകളാണ് പ്രവർത്തിക്കുന്നത്. ഇവിടെ 7421 കുടുംബങ്ങളിലെ 23,364 പേർ കഴിയുന്നു. ഇതിൽ 9362 പേർ പുരുഷൻമാരും 10,234 സ്ത്രീകളും 3768 കുട്ടികളുമുണ്ട്. 181 ക്യാന്പുകളാണ് ജില്ലയിൽ ഉണ്ടായിരുന്നത്.
വെള്ളം ഇറങ്ങിയതിനെ തുടർന്ന് ഏഴ് ക്യാന്പുകൾ പിരിച്ചുവിട്ടു. ക്യാന്പുകളിൽ കഴിയുന്നവർക്ക് റവന്യു വകുപ്പ് ഭക്ഷ്യ വസ്തുക്കൾ എത്തിക്കുന്നുണ്ട്. ഇതിനു പുറമേ സന്നദ്ധ സംഘടനകൾ ക്യാന്പിലേക്ക് ആവശ്യമായ സാധനങ്ങൾ വിതരണം ചെയ്യുന്നുമുണ്ട്.