കോട്ടയം: കഴിഞ്ഞ ദിവസങ്ങളിൽ റിക്കാർഡ് മഴയാണ് ജില്ലയിൽ പെയ്തിറങ്ങിയത്.വെള്ളിയാഴ്ച രാവിലെ എട്ടര മുതൽ ഇന്നലെ രാവിലെ എട്ടര വരെ ജില്ലയിൽ പെയ്തത് 162.2 മില്ലീമീറ്റർ.
വ്യാഴാഴ്ച 88 മില്ലിമീറ്ററും ബുധനാഴ്ച 10.2 മില്ലിമീറ്ററും മഴ ലഭിച്ചതായാണു കുമരകം കാർഷിക ഗവേഷണകേന്ദ്രത്തിലെ കണക്ക്. കാൽ നൂറ്റാണ്ടിനുള്ളിൽ മേയ് മാസങ്ങളിൽ ഇത്തരത്തിലൊരു പെയ്ത്ത് ലഭിച്ചിട്ടില്ല.
ഇന്നത്തെ കണക്കും 150 മില്ലിമീറ്ററിനു മുകളിലായിരിക്കുമെന്നാണ് സൂചന. കാഞ്ഞിരപ്പള്ളിയിലും മുണ്ടക്കയത്തും കഴിഞ്ഞ ദിവസങ്ങളിൽ 170 മില്ലിമീറ്റർ വരെ മഴ ലഭിച്ചതായാണ് സൂചന.
ന്യൂനമർദപ്പെയ്ത്തിൽ വൻ നാശനഷ്
കോട്ടയം: ന്യൂനമർദത്തിൽ കാലം തെറ്റിയെത്തിയ പെരുമഴയിൽ ജില്ലയിൽ 10.37 കോടി രൂപയുടെ കൃഷിനാശം.
അപ്പർ കുട്ടനാട്ടിലെ മടവീഴ്ചയിൽ പാടങ്ങൾ മുങ്ങി. കൊയ്ത്ത് അവശേഷിച്ച പാടങ്ങളിൽ നെല്ല് ചെളിയിൽ മുങ്ങിനശിച്ചു.
കുമരകം, അയ്മനം, ആർപ്പൂക്കര, തലയാഴം, വെച്ചൂർ പ്രദേശങ്ങളിൽ മടവീഴ്ചയുണ്ടായി. അടുത്ത കൃഷിക്ക് പാടം ഒരുക്കിയ കർഷകരും വിത നടത്തിയവരും നഷ്ടത്തിലായി.
കെകെ റോഡിൽ പെരുവന്താനം- കുട്ടിക്കാനം റൂട്ടിലും ഈരാറ്റുപേട്ട- വാഗമണ് റോഡിലും മണ്ണിടിച്ചിൽ ഭീഷണിയുണ്ട്. ലോക്ക്ഡൗണിൽ ഗതാഗതത്തിരക്ക് കുറവുണ്ടെങ്കിലും രാത്രികാല യാത്ര ഒഴിവാക്കാൻ നിർദേശമുണ്ട്.
മരങ്ങൾ വീണു വിവിധ പ്രദേശങ്ങളിൽ വൈദ്യുതി വിതരണം തടസപ്പെട്ടത് രണ്ടു ദിവസമായി പുനഃസ്ഥാപിച്ചു വരികയാണ്.
മീനച്ചിലാറ്റിലെ കുത്തൊഴുക്ക് ഇപ്പോഴും കുമരകം, തിരുവാർപ്പ് പ്രദേശങ്ങളിൽ ദുരിതം വിതയ്ക്കുകയാണ്.ചങ്ങനാശേരി- ആലപ്പുഴ റൂട്ടിൽ ഏതാനും വീടുകളിൽ വെള്ളം കയറി. മടവീഴ്ച വ്യാപകമാതോടെ കർഷകരും ആശങ്കയിലാണ്.
കോവിഡ് ഭീതിയിൽവിറച്ച് ജില്ല
കോട്ടയം: കനത്ത മഴയിലും കാറ്റിലും വീടുകൾക്ക് നാശനഷ്ടമുണ്ടായതോടെ ജില്ലയിൽ ഇതുവരെ 19 ദുരിതാശ്വാസ ക്യാന്പുകൾ തുറന്നു. 80 കുടുംബങ്ങളിലെ 270 പേരാണ് ക്യാന്പുകളിലേക്ക് മാറിയത്. ഇതിൽ 104 പുരുഷന്മാരും 120 സ്ത്രീകളും 46 കുട്ടികളും ഉൾപ്പെടുന്നു.
വെള്ളത്തിലായ വീടുകളിലുള്ളവരെ ദുരിതാശ്വാസ കേന്ദ്രങ്ങളിലേക്കു മാറ്റി പാർപ്പിക്കുന്നതിനു കോവിഡ് പ്രതിബന്ധമാകുന്നുണ്ട്. ദുരിതിശ്വാസ ക്യാന്പുകൾ കോവിഡ് വ്യാപനത്തിന് സാഹചര്യമൊരുക്കുമോ എന്ന ഭീതിയിലാണ് ഇവിടങ്ങളിൽ കഴിയുന്നവർ.
ലോക്ക്ഡൗണിൽ വീട്ടിലിരിക്കാൻ സർക്കാർ ജനങ്ങളോട് പറയുന്പോൾ വീട്ടിൽ വെള്ളം കയറി ഒരിടത്തും സുരക്ഷിതമാകാൻ പറ്റാത്ത ആശങ്കയിലാണ് ജനം. മഴയും ഈർപ്പവും കോവിഡ് വ്യാപനത്തിന് വേഗം കൂട്ടുമെന്ന ഭീതിയാണ് എവിടെയും.