കോട്ടയം: കാലവർഷം ശക്തിപ്പെട്ട ശേഷം ജില്ലയിൽ മഴക്കെടുതി വർധിച്ചു. കിടങ്ങൂരിൽ ഒരാൾ ഒഴുക്കിൽപ്പെട്ട് മരിച്ചു. ഇന്നലെ മഴയ്ക്കു നേരിയ ശമനമുണ്ടായെങ്കിലും ജലനിരപ്പ് അതേ പടി നിലനിൽക്കുകയാണ്. ഇന്നലെ മൂന്നു ദുരിതാശ്വാസ ക്യാന്പുകൾ കൂടി തുറന്നു. ജില്ലയിലെ ക്യാന്പുകളുടെ എണ്ണം 16 ആയി. പടിഞ്ഞാറൻ മേഖലയിലെ താഴ്ന്നപ്രദേശങ്ങൾ ഇപ്പോഴും പൂർണമായും വെള്ളത്തിലാണ്.
തിരുവാർപ്പ് കമ്യൂണിറ്റി ഹാൾ, തിരുവാർപ്പ് സെന്റ് മേരീസ് എൽപിഎസ്, വേളൂർ സെന്റ് ജോണ്‍സ് എച്ച്എസ്എസ് എന്നിവിടങ്ങളിലാണ് ക്യാന്പുകൾ ആരംഭിച്ചത്. വിവിധക്യാന്പുകളിലായി 175 കുടുംബങ്ങളിലായി 692 പേരാണുള്ളത്. ഏറ്റവും കൂടുതൽ ദുരിതംനേരിട്ടതു കോട്ടയം താലൂക്കിലാണ്.
കോട്ടയത്ത് മാത്രം 15 ക്യാന്പുകളാണു പ്രവർത്തിക്കുന്നത്. തിരുവാർപ്പ് കമ്യൂണിറ്റി ഹാളിൽ 66 കുടുംബങ്ങളിൽനിന്ന് 285പേരും തിരുവാർപ്പ് സെന്റ് ജോർജ് എൽപി സ്കൂളിൽ മൂന്നു കുടുംബങ്ങളിലായി ആറുപേരും വേളൂർ സെന്റ് ജോണ്‍സ് എച്ച്എസ്എസിൽ ആറുകുടുംബത്തിൽനിന്ന് 22പേരും താമസിക്കുന്നുണ്ട്. മീനച്ചിലാറ്റിലും മണിമലയാറ്റിലും മൂവാറ്റുപുഴയാറ്റിലും ജലനിരപ്പ് താഴ്ന്നു തുടങ്ങി.
കിഴക്കൻ വെള്ളത്തിന്റെ വരവിൽ ചങ്ങനാശേരി താലൂക്കിന്റെ താഴ്ന്നപ്രദേശങ്ങളിലും വെള്ളം കയറി നിരവധി കുടുംബങ്ങൾ ദുരിതത്തിലാണ്. വരുംദിവസങ്ങളിൽ ജില്ലയിൽ നേരിയതോതിൽ മാത്രം മഴയുണ്ടാകുമെന്നാണ് കാലാവസ്ഥനിരീക്ഷണകേന്ദ്രം നൽകുന്നവിവരം. മഴയിൽ ജില്ലയിൽ മൂന്ന് സ്ഥലങ്ങളിൽ അപകടങ്ങളുണ്ടായി.
പാലായിൽ നിയന്ത്രണംവിട്ട് സ്കൂൾ ബസ് മറിഞ്ഞ് 28 വിദ്യാർഥികൾക്ക് പരിക്കേറ്റു. പാലാ-കോഴ റൂട്ടിൽ ഇന്നലെ രാവിലെ ഒന്പതിനു വള്ളിച്ചിറയിലാണ് സംഭവം. ചങ്ങനാശേരി എസി റോഡിൽ ടൈൽകയറ്റി വന്നലോറി മറിഞ്ഞ് ഡ്രൈവറും ക്ലീനറും രക്ഷപ്പെട്ടു. ഇന്നലെ പുലർച്ചെയായിരുന്നു സംഭവം.
നീലിമംഗലം പാലത്തിൽ നിയന്ത്രണംവിട്ട കാർ വൈദ്യുതി പോസ്റ്റ് ഇടിച്ചുതകർത്തു. ഇന്നലെ വൈകുന്നേരം നാലിനു കോട്ടയം ഭാഗത്തുംനിന്ന വന്ന കാറാണ് അപകടത്തിൽപെട്ടത്. അപകടത്തിൽ ആർക്കും പരിക്കില്ല.