കോട്ടയം: ജില്ലയുടെ പടിഞ്ഞാറൻ പ്രദേശങ്ങളിൽ ജലനിരപ്പ് ഇന്നലത്തേതിലും ഉയർന്നു. പലയിടത്തും വാഹന ഗതാഗതം നിലച്ചു. കുമരകം റൂട്ടിൽ ബസ് സർവീസ് ഭാഗികമായി. പലയിടത്തും വൈദ്യുതി ബന്ധം ഇനിയും പുനഃസ്ഥാപിക്കാനായില്ല. ദുരിതാശ്വാസ ക്യാന്പുകളുടെ എണ്ണം വർധിച്ചു. ഇന്നു രാവിലെ മൂന്നിടത്ത് ക്യാന്പ് തുടങ്ങി.
ഇതോടെ ജില്ലയിലെ ദുരിതാശ്വാസ ക്യാന്പുകളുടെ എണ്ണം 46 ആയി. 425 കുടുംബങ്ങളിൽ നിന്നായി 1467പേർ ദുരിതാശ്വാസ ക്യാന്പുകളിൽ കഴിയുന്നു. ഉദയനാപുരം കൊണ്ടോടി കമ്മ്യൂണിറ്റി ഹാൾ, പടിഞ്ഞാറേക്കര എൽപിഎസ്, ആയാംകുടി ഗവ. എൽപിഎസ് എന്നിവിടങ്ങളിലാണ് ഇന്നു രാവിലെ ക്യാന്പ് തുടങ്ങിയത്.
പാലാ ടൗണിൽ നിന്ന് വെള്ളമിറങ്ങി എന്നാണ് ഇന്നു രാവിലെ പാലായിൽ നിന്നുള്ള റിപ്പോർട്ട്. പാലാ, ഈരാറ്റുപേട്ട പ്രദേശങ്ങളിൽ മഴയ്ക്ക് അൽപം ശമനം വന്നിട്ടുണ്ട്. കിഴക്കൻ പ്രദേശത്തെ വെള്ളമിറങ്ങുന്പോൾ ജില്ലയുടെ പടിഞ്ഞാ റൻ മേഖലയിൽ ജലനിരപ്പ് ഉയരും. ഇത് പടിഞ്ഞാറൻ പ്രദേശത്തെ ജനങ്ങളെ ബുദ്ധിമുട്ടിലാക്കും. കാലവർഷം രണ്ടാം തവണയെത്തിയപ്പോൾ ഒരാൾ പ്രളയത്തിൽ അകപ്പെട്ടു മരിച്ചു
. മണിയൻതുരുത്ത് വാകത്താറ തങ്കപ്പനാണ് (68) മരിച്ചത്. ഇയാളുടെ മൃതദേഹം കടുത്തുരുത്തി പെരുന്തുരുത്തി പാലത്തിനുസമീപം ഇന്നലെ പുലർച്ചെ പാടത്തു കണ്ടെത്തി. ജില്ലയിൽ ഇന്നും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. കനത്ത മഴ രാത്രിയിൽ പെയ്യുമെന്നാണു കാലാവസ്ഥ മുന്നറിയിപ്പ്. അടുക്കത്തുണ്ടായ ഉരുൾപ്പൊട്ടലിൽ ഏക്കറു കണക്കിനു സ്ഥലത്തു കൃഷി നാശമുണ്ടായി.
മണിമല, പന്പ, അഴുത നദികൾ കരകവിഞ്ഞ് പഴയിടം, മൂക്കൻപെട്ടി, അറയാഞ്ഞിലിമണ്ണ്, പഴയ കണമല പാലങ്ങൾ രണ്ടാം ദിവസവും മൂടി. പെരുനാട് പഞ്ചായത്തിൽപ്പെട്ട അറയാഞ്ഞിലിമണ്ണ് ഗ്രാമത്തിലെ അഞ്ഞൂറു കുടുംബങ്ങൾ ഒറ്റപ്പെട്ട നിലയിലാണ്. അഴുത-കാളകെട്ടി കാനനപാതയിലെ പാലവും വെള്ളത്തിലായി. മൂക്കൻപെട്ടി പാലത്തിന്റെ അപ്രോച്ച് റോഡ് ഒലിച്ചുപോയതോടെ ഇതുവഴി ഏഞ്ചൽവാലിക്കുള്ള ഗതാഗതം നിലച്ചു.
മണർകാട്-കിടങ്ങൂർ റോഡിൽ മോനിപ്പള്ളി വളവിലും അയർക്കുന്നം-ഏറ്റുമാനൂർ റോഡിൽ പുളിഞ്ചുവട്, ഗൂർക്കണ്ടസാരിയിലും ആറുമാനൂർ-നീറിക്കാട് റോഡിലും വെള്ളം കയറിയതിനെത്തുടർന്നു ഇതുവഴിയുള്ള വാഹനഗതാഗതം നിലച്ചു. അയർക്കുന്നം കൊങ്ങാണ്ടൂർ പന്നഗം തോട് കരകവിഞ്ഞു മഠത്തിൽ തോമസിന്റെ ഒരുലക്ഷം രൂപ വിലവരുന്ന വളർത്തു മീൻ ഒഴുകിപ്പോയി.
തണ്ണീർമുക്കം ബണ്ടിന്റെ ഷർട്ടർ തുറന്നു കിടക്കുന്നതും മധ്യഭാഗത്തുണ്ടായിരുന്ന മണ്ചിറ (മൂന്നാംഘട്ടം) നീക്കം ചെയ്ത് ഷട്ടറുകൾ പിടിപ്പിച്ചതോടെ തടസം കൂടാതെ മലവെള്ളം ഒഴുകി കടലിലേക്കു പോകുന്നതുമൂലം കുമരകം ഭാഗത്തു ജലനിരപ്പ് ഉയർന്നിട്ടില്ല.
മലയോരമേഖലയിൽ മണ്ണിടിച്ചിലിനും ഉരുൾപൊട്ടലിനും സാധ്യത
കോട്ടയം: ഇന്നലെ കോട്ടയത്ത് 84 മില്ലിമീറ്റർ മഴ ലഭിച്ചുവെന്നാണ് കണക്ക്. പെരുവന്താനം, മുക്കുളം, വടക്കേമല പ്രദേശങ്ങളിൽ മലയിടിച്ചിനു സാധ്യതയുണ്ട്. പൂഞ്ഞാർ അടിവാരം, അടുക്കം മേഖലകളിൽ ഉരുൾപൊട്ടൽ ഭീഷണി തുടരുകയാണ്. ചൊവ്വാഴ്ച വരെ മഴ തുടരും. പകൽ ശമിച്ചു നിൽക്കുന്ന മഴ രാത്രി ശക്തിപ്പെടും.
നദീതീരത്തും മലകളിലും യാത്ര സൂക്ഷിക്കണം. ഏറ്റുമാനൂർ-പാലാ-ഈരാറ്റുപേട്ട, ഈരാറ്റുപേട്ട-വാഗമണ്, ഈരാറ്റുപേട്ട-തൊടുപുഴ റോഡുകളിൽ രാത്രി യാത്ര സുരക്ഷിതമല്ല. കാഞ്ഞിരപ്പള്ളി-മൂലേപ്ലാവ്-മണിമല റോഡിൽ ഗതാഗതം നിരോധിച്ചു.
കാഞ്ഞിരപ്പള്ളി താലൂക്കിൽ 20 വീടുകൾ ഭാഗികമായി തകർന്നു
കാഞ്ഞിരപ്പള്ളി: താലൂക്കിൽ മഴയ്ക്ക് അൽപ്പം ശമനം ഉണ്ടായിട്ടു ണ്ടെങ്കിലും കാറ്റിൽ വൻ നാശനഷ്ടമാണ് ഉണ്ടായിരിക്കുന്നത്. പലയിടങ്ങളിലും മരങ്ങൾ വീണ് വീടുകൾ തകരുകയും മണിക്കൂറോളം ഗതാഗതം തടസപ്പെടുകയും ചെയ്തു. കാഞ്ഞിരപ്പള്ളി താലൂക്കിൽ 20 വീടുകൾ ഭാഗികമായിട്ട് തകർന്നു.
മരങ്ങൾ വീണ് വൈദ്യുതി പോസ്റ്റുകൾ ഒടിഞ്ഞു ലൈൻ കന്പികൾ പൊട്ടിയും ചിറക്കടവ് മേഖലയിൽ വൈദ്യുതി നിലച്ചിട്ട് ഒരു രാവും പകലും കഴിഞ്ഞു. 19-ാം മൈൽ, മണ്ണാറക്കയം, പൂതക്കുഴി, മുണ്ടക്കയം കോസ്വെ എന്നിവിടങ്ങളിൽ മരങ്ങൾ വീണ് മണിക്കൂറോളം ഗതാഗതം സ്തംഭിച്ചു. ഫയർഫോഴ്സും നാട്ടുകാരും ചേർന്നാണ് മരങ്ങൾ മാറ്റി ഗതാഗതം പുനഃസ്ഥാപിച്ചത്.
ശക്തമായ കാറ്റിൽ ചിറക്കടവിൽ പാഴ്മരം ഒടിഞ്ഞു വീണ് വീടിന്റെ മേൽക്കൂര തകർന്ന് വീട്ടമ്മയ്ക്ക് പരിക്കേറ്റു. രാമച്ചനാട്ടയിൽ ദേവദാസിന്റെ അമ്മ ശാന്തമ്മക്കാണ് ഷീറ്റ് പൊട്ടി വീണ് പരിക്കേറ്റത്. ഇവർ സ്വകാര്യാശുപത്രിയിൽ ചികിത്സ തേടി.
കൊപ്രാക്കളം ഇരുന്പുകുത്തി കവല കൊച്ചുപുരയ്ക്കൽ ശാന്തമ്മയുടെ വീടിനു മുകളിൽ പ്ലാവ് ഒടിഞ്ഞ് വീണു. പൊൻകുന്നം തോണിപ്പാറ പുളിക്കൽപ്പറന്പിൽ ജമാലുദ്ദീന്റെ വീടിന് മുകളിൽ റബർമരം വീണ് മേൽക്കൂരയുടെ ഷീറ്റുകൾ തകർന്നു. ശബ്ദം കേട്ട് വീട്ടുകാർ ഓടി മാറിയതിനാൽ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.
ചിറക്കടവ്, ചെറുവള്ളി, തെക്കേത്തുകവല, പടനിലം, മുട്ടത്തുകവല, ചാമംപതാൽ എന്നിവിടങ്ങളിലാണ് വൈദ്യുതി ബന്ധം നിലച്ചിരിക്കുന്നത്. ചിലയിടങ്ങളിൽ പകൽ വൈദ്യുതി എത്തിയെങ്കിലും വൈകുന്നേരത്തോടെ പൂർണമായും നിലച്ചു.
മുണ്ടക്കയത്തെ രണ്ട് ദുരിതാശ്യാസ ക്യാന്പിലായി 150 ഓളം പേർ എത്തി. സിഎംഎസ് സ്കൂളിലെ ക്യാന്പിൽ 28 കുടുംബങ്ങളിൽ നിന്നായി 99 പേരും 34-ാംമെെൽ സെന്റ ആന്റണീസ് സ്കൂളിലെ ക്യാന്പിൽ 10 കുടുംബങ്ങളിൽ നിന്നായി 45 പേരുമാണ് ഉള്ളത്.