കുമരകം: മൂന്നു ദിവസമായി കുടിവെള്ളമില്ലാതെ കുമരകം പ്രദേശത്തെ ജനങ്ങൾ വലയുന്നു. ചുറ്റും വെള്ളമുണ്ടെങ്കിലും കുടിക്കാൻ പൈപ്പ് ജലത്തെ ആശ്രയിക്കേണ്ട ഗതികേടിലാണ് കുമരകത്തുകാർ. വെള്ളൂപ്പറന്പ്, താഴത്തങ്ങാടി എന്നിവിടങ്ങളിൽ നിന്നാണ് കുമരകത്തേക്ക് വെള്ളം പന്പു ചെയ്യുന്നത്.
പന്പിംഗ് മോട്ടോർ സ്ഥാപിച്ച സ്ഥലത്ത് വെള്ളം കയറിയതോടെ പന്പിംഗ് നിലച്ചു. ഇതാണ് കുമരകത്ത് വെള്ളം ലഭിക്കാത്തതെന്ന് വാട്ടർ അതോറിറ്റി അധികൃതർ വ്യക്തമാക്കി. വെള്ളമിറങ്ങാതെ പന്പിംഗ് തുടരാനാവില്ല. അതുവരെ കുമരകത്തേക്കുള്ള ജലവിതരണം തടസപ്പെടും.
ട്രാൻസ്ഫോർമർ വെള്ളത്തിൽ,പരിപ്പിൽ വൈദ്യുതിയില്ല
കോട്ടയം: ട്രാൻസ്ഫോർമർ വെള്ളത്തിൽ വീണതോടെ പരിപ്പിലെ ചില പ്രദേശങ്ങളിൽ മൂന്നു ദിവസമായി വൈദ്യുതിയില്ല. അയ്മനം സെക്ഷൻ പരിധിയിൽപ്പെടുന്ന പ്രദേശങ്ങളിലാണ് വൈദ്യുതി ബന്ധം നിലച്ചത്. പരിപ്പ് ചേനപ്പാടി ഭാഗത്ത് സ്ഥാപിച്ചിരുന്ന ട്രാൻസ്ഫോർമറാണ് പ്രളയജലത്തിൽ മുങ്ങി താഴെ വീണത്. ട്രാൻസ്ഫോർമർ മാറ്റി സ്ഥാപിക്കാനുള്ള നടപടി ആരംഭിച്ചെങ്കിലും എവിടെ സ്ഥാപിക്കണമെന്ന കാര്യത്തിൽ വ്യക്തതയായില്ല. ഇക്കാര്യത്തിൽ നാട്ടുകാർക്കിടയിൽ ഭിന്ന അഭിപ്രായം ഉയർന്നതോടെയാണ് ട്രാൻസ്ഫോർമർ മാറ്റി സ്ഥാപിക്കൽ വൈകുന്നതെന്നു പറയുന്നു.