കോട്ടയം: മഴയുടെ ശക്തി കുറഞ്ഞെങ്കിലും ജലനിരപ്പ് കാര്യമായി താഴുന്നില്ല. താഴ്ന്ന പ്രദേശങ്ങൾ ഇപ്പോഴും വെള്ളത്തിനടിയിലാണ്. ജില്ലയിലെ 151 ദുരിതാശ്വാസ ക്യാന്പുകളിലായി 20650 പേരാണ് കഴിയുന്നത്. 6482 കുടുങ്ങളാണ് ക്യന്പുകളിൽ അഭയം തേടിയത്. 8958 പുരുഷൻമാരും 9481 സ്ത്രീകളും 2211 കുട്ടികളും ദുരിതാശ്വാസ ക്യാന്പുകളിൽ കഴിയുകയാണ്. മൂന്നുനാല് ദിവസംകൂടി ഇവർക്ക് ക്യാന്പുകളിൽ കഴിയേണ്ടി വന്നേക്കും.
ഇന്നലെ പകൽ കാര്യമായി മഴ പെയ്തില്ലെങ്കിലും പടിഞ്ഞാറൻ മേഖലയിൽ കയറിയ വെള്ളത്തിന്റെ ഇറക്കം മന്ദഗതിയാലാണ്. ഇന്നലെ പകൽ തീവ്രമഴ പെയ്തില്ലെങ്കിലും ഒറ്റപ്പെട്ട മഴ തുടർന്നു. ആകാശത്ത് കാർമേഘം മൂടികിടക്കുയാണ് ശനിയാഴ്ച രാത്രിയിൽ ജില്ലയുടെ പലഭാഗങ്ങളിലും ഒറ്റപ്പെട്ട തീവ്രമഴ പെയ്തിരുന്നു. മലയോരമേഖലയിൽ സ്ഥിതി ശാന്തമാണ്. മീനച്ചിലാറ്റിലും മണിമലയാറ്റിലും ജലനിരപ്പ് താഴ്ന്നു.
പടിഞ്ഞാറൻ മേഖല ഇപ്പോഴും വെള്ളത്തിനടിയിലാണ്. കുമരകം, തിരുവാർപ്പ്, അയ്മനം, ആർപ്പൂക്കര പഞ്ചായത്തിലും വൈക്കം, കുലശേഖരമംഗലം, മാന്നാർ, കുറുപ്പന്തറ, കല്ലറ, വെച്ചൂർ, ടിവിപുരം തുടങ്ങിയ സ്ഥലങ്ങളിൽ വെള്ളം ഇറങ്ങിയിട്ടില്ല. ചങ്ങനാശേരി താലൂക്കിലെ താഴ്ന്നപ്രദേശങ്ങൾ വെള്ളത്തിലാണ്. പൂവം, നക്രാൽ, കോമങ്കേരിചിറ, എസി റോഡ് എന്നിവിടങ്ങളിലെ ജലനിരപ്പ് താഴ്ന്നിട്ടില്ല.
വാഴപ്പള്ളി പഞ്ചായത്തിലെ പറാൽ, വെട്ടിത്തുരുത്ത്പ്രദേശങ്ങളിൽ ഇന്നലെ ജലനിരപ്പ് വീണ്ടും ഉയർന്നു. പ്രദേശത്തെ ഭൂരിഭാഗം വീടുകളും വെള്ളത്തിലാണ്. കോട്ടയം – കുമരകം റൂട്ടിലും ചങ്ങനാശേരി – ആലപ്പുഴ റൂട്ടിലും ഗതാഗതം ഭാഗികമാണ്. വെള്ളപ്പൊക്കം കാർഷികമേഖലയ്ക്കും വൻ നാശമാണുണ്ടാക്കിയിരിക്കുന്നത്. കുമരകം ഇടവെട്ടത്ത് ഇന്നലെ മടവീണു കൃഷി നശിച്ചു. അയ്മനം, തിരുവാർപ്പ്, കല്ലറ, വെച്ചൂർ ഭാഗങ്ങളിൽ നിരവധി പാടശേഖരങ്ങൾ വെള്ളത്തിനടിയിലാണ്.