കോട്ടയം: ജില്ലയിലെ നാല് താലൂക്കുകളിലെ 160 ക്യാന്പുകളിലായി കഴിയുന്നത് 26,620 പേർ. ഇതിൽ 8260 കുടുംബങ്ങളുണ്ട്. 11,374 പുരുഷൻമാരും 12,138 സ്ത്രീകളും 3108 കുട്ടികളുമുണ്ട്. ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദത്തെ ത്തുടർന്ന് കനത്ത മഴ ജില്ലയിൽ പെയ്താൽ കാര്യങ്ങളെല്ലാം വീണ്ടും അവ താളത്തിലാകും. ഇന്നു രാവിലെയും തോ രാതെ മഴ പെയ്യുന്നുണ്ട്. തുടർന്നുള്ള മണിക്കൂറുകളിൽ ന്യൂനമർദത്തിന്റെ മഴ കാര്യമായി ജില്ലയിൽ പെയ്യാതെ വന്നാൽ മൂന്നോ നാലോ ദിവസത്തിനുള്ളിൽ ക്യാന്പുകളിൽ കഴിയുന്നവർക്ക് വീടുകളിലേക്ക് മടങ്ങാം.
കോട്ടയം താലൂക്കിൽ മാത്രം 9554 പേരാണ് 106 ദുരിതാശ്വാസ ക്യാന്പുകളിൽ കഴിയുന്നത്. ഇവരിൽ 3832 പുരുഷൻമാരും 4337 സ്ത്രീകളുമുണ്ട്. 1385 കുട്ടികളാണ് ക്യാന്പുകളിൽ കഴിയുന്നത്. കോട്ടയം താലൂക്കിലാണ് ഏറ്റവും കൂടുതൽ ക്യാന്പുകളുള്ളത്. വൈക്കത്ത് 22 ക്യാന്പുകളിലായി 4129 കുടുംബങ്ങൾ കഴിയുന്നു. 5821 പുരുഷൻമാരും 6026 സ്ത്രീകളും 1089 കുട്ടികളും അടക്കം 12236 പേർ ക്യാന്പുകളിൽ കഴിയുന്നു.
മീനച്ചിൽ താലൂക്കിൽ ആറ് ക്യാന്പുകളിലായി 903 കുടുംബങ്ങൾ കഴിയുന്നു. ഇവരിൽ 1421 പേർ പുരുഷൻമാരും 1995 പേർ സ്ത്രീകളും 541 പേർ കുട്ടികളുമാണ്. ആകെ 3459 പേർ ക്യാന്പുകളിൽ കഴിയുന്നു. ചങ്ങനാശേരിയിൽ 26 ക്യാന്പുകളിലായി 671 പേർ കഴിയുന്നു. 208 കുടുംബങ്ങളുണ്ട്. 296 പുരുഷൻമാരും 280 സ്ത്രീകളും 93 കുട്ടികളുമുണ്ട്. വാരിശേരി-തൂത്തൂട്ടി റൂട്ടിൽ ഇപ്പോഴും ഗതാഗതം തടസപ്പെട്ടിരിക്കുകയാണ്. റോഡിൽ കയറിയ വെള്ളമിറങ്ങിയില്ല.
കോട്ടയം – കുമരകം റൂട്ടിൽ ഗതാഗതം ഭാഗികമായി പുനരാരംഭിച്ചു. ചെറിയ വാഹനങ്ങളുടെ യാത്ര ദുഷ്കരമാണ്. തിരുവാർപ്പ് റൂട്ടിലും ഗതാഗതം ഭാഗികമാണ്. കുമരകം പഞ്ചായത്തിലെ താഴ്ന്ന പ്രദേശങ്ങളിൽ ഇന്നലെ ജലനിരപ്പ് ഉയർന്നു. വെള്ളം ഇന്നലെ കൂടുതൽ പ്രദേശങ്ങളിലേക്കു കയറിയതോടെ കൂടുതൽ ആളുകൾ ദുരിതാശ്വാസ ക്യാന്പുകളിലെത്തി.
അയർക്കുന്നം, വിജയപുരം, തിരുവാർപ്പ്, അയ്മനം, ആർപ്പൂക്കര, കുമരകം, നീണ്ടൂർ, അതിരന്പുഴ, തലയാഴം, വെച്ചൂർ, തലയോലപ്പറന്പ്, മുളക്കുളം പഞ്ചായത്തുകളുടെയും കോട്ടയം നഗരസഭയുടെയും താഴ്ന്ന പ്രദേശങ്ങൾ ഇപ്പോഴും വെള്ളത്തിലാണ്. അയ്മനം, കുമരകം, തിരുവാർപ്പ് പഞ്ചായത്തുകളിൽ ഇന്നലെയും വെള്ളം ഉയർന്നു. നിലവിൽ വെള്ളിയാഴ്ച വരെ ജില്ലയിൽ അലർട്ട് ഒന്നും പ്രഖ്യാപിച്ചിട്ടില്ല.
ന്യൂനമർദത്തെത്തുടർന്നുള്ള മഴ മാത്രമേയുണ്ടാകൂവെന്നാണു കാലാവസ്ഥാ നിരീക്ഷകർ നൽകുന്ന സൂചന. ഇന്നലെ രാവിലെ എട്ടിനു രേഖപ്പെടുത്തിയത് ജില്ലയിൽ 2.25 സെന്റീ മീറ്റർ മഴ മാത്രമാണ്. കഴിഞ്ഞ ഒരാഴ്ച പെയ്ത മഴയെത്തുടർന്നു ജില്ലയിലെ മഴക്കുറവിനും പരിഹാരമായി. ഓഗസ്റ്റിന്റെ തുടക്കത്തിൽ മഴക്കുറവ് 25 ശതാനമായിരുന്നുവെങ്കിൽ ഇന്നലെയതു നാലു ശതമാനത്തിലെത്തി. കാലവർഷം ആരംഭിച്ച് ഇന്നലെ വരെ 1384 മില്ലീ മീറ്റർ മഴ ലഭിക്കേണ്ട സ്ഥാനത്ത് ഇതുവരെ 1332 മില്ലീമീറ്റർ മഴ ലഭിച്ചു.