കോട്ടയം: മഴക്കെടുതിയെ നേരിടാന്‍ കോട്ടയം സജ്ജമാണെന്ന് ജില്ലാ കളക്ടര്‍ ജോണ്‍ വി. സാമുവല്‍. ദുരന്തസാഹചര്യങ്ങളെ നേരിടാന്‍ സജ്ജരായിരിക്കാന്‍ വിവിധ വകുപ്പുകള്‍ക്കു കളക്ടർ നിര്‍ദ്ദേശം നല്കി.
മുന്നൊരുക്കങ്ങള്‍ വിലയിരുത്തിയ അദ്ദേഹം ഡെപ്യൂട്ടി കളക്ടര്‍മാര്‍, തഹസില്‍ദാര്‍മാര്‍, വില്ലേജ് ഓഫീസര്‍മാര്‍ എന്നിവര്‍ ഓഗസ്റ്റ് നാലുവരെ ഹെഡ്ക്വാര്‍ട്ടേഴ്സ് വിട്ടുപോകാന്‍ പാടില്ലെന്നും നിര്‍ദേശം നല്കി.
മീനച്ചില്‍ താലൂക്കിന്റെ ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ പാലാ ആര്‍ഡിഒയുമായി ചേര്‍ന്നു നിര്‍വഹിക്കുന്നതിനു തെരഞ്ഞെടുപ്പ് വിഭാഗം ഡെപ്യൂട്ടി കളക്ടറെ ചുമതലപ്പെടുത്തി.
ദുരന്തമുണ്ടായാല്‍ അടിയന്തര ഇടപെടലുകള്‍ നടത്തുന്നതിനാവശ്യമായ ഉപകരണങ്ങളും വാഹനങ്ങളും ആംബുലന്‍സുകളും വെളിച്ചസംവിധാനങ്ങളും ജനറേറ്ററുകളുമടക്കം ലഭ്യമാകുമെന്നും ക്യാമ്പുകളായി കണ്ടെത്തിയിട്ടുള്ള സ്ഥലങ്ങള്‍ സുരക്ഷിതമാണോയെന്നും സൗകര്യങ്ങള്‍ ലഭ്യമാണോയെന്നും ഉറപ്പാക്കണം.
പോലീസ്, ഫയര്‍ഫോഴ്സ്, കെഎസ്ഇബി, വാട്ടര്‍ അഥോറിറ്റി, തദ്ദേശസ്വയംഭരണസ്ഥാപനങ്ങള്‍ എന്നിവയുടെ ഏകോപനത്തോടെ ദുരന്തനിവാരണപ്രവര്‍ത്തനങ്ങള്‍ ഫലപ്രദമായി നടത്താനുള്ള നടപടികള്‍ സ്വീകരിക്കാനും കളക്ടർ നിര്‍ദേശിച്ചു.