കോട്ടയം: ജില്ലയിലെ പ്രളയദുരിതം വിലയിരുത്താൻ നാളെ കേന്ദ്രസംഘമെത്തും. കേന്ദ്ര സംഘത്തിന്റെ രണ്ടാം വരവിൽ യഥാർഥ നഷ്ടം കാണാതെ പോകരുതെന്നാണു സാധാരണക്കാരുടെ ആവശ്യം. പ്രളയകാലത്തു സന്ദർശനത്തിനെത്തിയ കേന്ദ്രസംഘത്തിൽ കേന്ദ്രമന്ത്രി കിരണ്‍ റിജ്ജുവിന്റെ നേതൃത്വത്തിൽ മന്ത്രി അൽഫോൻസ് കണ്ണന്താനം ഉൾപ്പെടെയുള്ളവർ ചെങ്ങളവും കുമരകവും സന്ദർശിച്ചു മടങ്ങിയിരുന്നു.
കേന്ദ്രത്തിൽനിന്നുള്ള ഉദ്യോഗസ്ഥ സംഘം വീണ്ടുമെത്തി നഷ്ടം പൂർണമായി വിലയിരുത്തുമെന്നാണു കേന്ദ്രമന്ത്രി കിരണ്‍ റിജ്ജു പറഞ്ഞത്. ഇതേത്തുടർന്നാണു സംഘം നാളെ വൈക്കത്തെത്തുക. ഏറ്റവും കൂടുതൽ പ്രളയ നഷ്ടമുണ്ടായ കോട്ടയം താലൂക്കിൽ സന്ദർശനം നടത്തുന്നതിൽ വ്യക്തതയില്ല.
ജൂലൈയിൽ തുടർച്ചയായി രണ്ടാഴ്ച പെയ്ത മഴയിൽ ജില്ലയിൽ വ്യാപക നാശമുണ്ടായിരുന്നു. ഒരാഴ്ചയിലേറെ പടിഞ്ഞാറൻ പ്രദേശങ്ങൾ പൂർണമായി വെള്ളത്തിനടിയിലായിരുന്നു. രണ്ടു പതിറ്റാണ്ടിനിടയിലെ ഏറ്റവും വലിയ പ്രളയത്തിൽ ജില്ലയിൽ 90.9 കോടി രൂപയുടെ നഷ്ടമുണ്ടായെന്നാണു റവന്യുവകുപ്പിന്റെ കണക്ക്. കൃഷി നശിച്ച വകയിൽ 53.35 കോടി രൂപയുടെയും റോഡുകൾ തകർന്ന വകയിൽ 30 കോടി രൂപയുടെയും നഷ്ടമുണ്ടായെന്നും കളക്ടർ സർക്കാരിനു സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു.
കോട്ടയം, വൈക്കം, മീനച്ചിൽ, ചങ്ങനാശേരി താലൂക്കകളിലാണ് നഷ്ടമേറെയുണ്ടായത്. കോട്ടയം, വൈക്കം, ചങ്ങനാശേരി താലൂക്കുകളിൽ ഉൾപ്പെടുന്ന കുട്ടനാടൻ മേഖലയിൽ 15000 ഹെക്ടറിലെ നെൽകൃഷി നശിച്ചിരുന്നു. വെള്ളം കയറിയ 90 ശതമാനം പാടങ്ങളിലും പുതിയ കൃഷിയിറക്കേണ്ട അവസ്ഥയാണ്. വിള ഇൻഷ്വറൻസ്, നഷ്ടപരിഹാരം, വിത്തുവിതരണം എന്നിവയെക്കുറിച്ചു നിർദേശങ്ങളൊന്നും വന്നില്ല. ഇതു കർഷകരെ ആശയക്കുഴപ്പത്തിലാക്കുന്നുണ്ട്.
കേന്ദ്രസംഘത്തിന്റെ വരവ് ഒരു സ്ഥലത്തു മാത്രമായി ചുരുങ്ങിയാൽ നഷ്ടപരിഹാരത്തോതു ചുരുങ്ങുമെന്ന ആശങ്ക ജനങ്ങൾക്കുണ്ട്. കേന്ദ്രമന്ത്രി എത്തി മടങ്ങിയതുപോലെയുള്ള സന്ദർശനമാണെങ്കിൽ പ്രയോജനമൊന്നുമുണ്ടാകില്ലെന്നു കർഷകർ പറയുന്നു. മുൻവർഷങ്ങളിൽനിന്നു വ്യത്യസ്തമായി പ്രളയം കഴിഞ്ഞ് ഏറെ വൈകാതെ കേന്ദ്രസംഘമെത്തുന്നതു കർഷകരിൽ പ്രതീക്ഷ പകരുന്നുണ്ട്.