കോട്ടയം: ജില്ലയുടെ വിവിധ ഭാഗങ്ങളിൽ കനത്ത മഴ തുടരുകയാണ്. നദികളിൽ ജലനിരപ്പ് ഉയർന്നു. മഴ രണ്ടു ദിവസം കൂടി തുടർന്നാൽ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിലാവും. ചൊവ്വാഴ്ച്ച അർധരാത്രി മുതൽ ജില്ലയുടെ എല്ലാ ഭാഗങ്ങളിലും ഒറ്റപ്പെട്ട തീവ്രമഴ ഉണ്ടായി. മഴയ്ക്കൊപ്പം ഇന്നലെ വൈകുന്നേരമുണ്ടായ കുമരകം, തിരുവാർപ്പ്, കറുകച്ചാൽ, തോട്ടയ്ക്കാട്, വൈക്കം, ചങ്ങനാശേരി, മാടപ്പള്ളി തുടങ്ങിയ സ്ഥലങ്ങളിലും കോട്ടയത്തിന്റെ പല ഭാഗങ്ങളിലും കാറ്റ് നാശം വിതച്ചു.
പല സ്ഥലങ്ങളിലും വൈദ്യുതി ബന്ധം തകർന്നു. ഇന്നുച്ചയായിട്ടും പലയിടത്തും വൈദ്യുതി എത്തിയിട്ടില്ല. ഇന്നലെ വൈകുന്നേരം അഞ്ചോടെ കാറ്റിനൊപ്പമെത്തിയ മഴ മണിക്കൂറുകളോളം നീണ്ടു നിന്നു. മരങ്ങൾ കടപുഴകി പലയിടങ്ങളിലും ഗതാഗതം തടസപ്പെട്ടു. കൃഷിനാശവും ഉണ്ടായിട്ടുണ്ട്.
ഇന്നലെ പുലർച്ചെ കിടങ്ങൂരിലുണ്ടായ കൊടുങ്കാറ്റ് പ്രദേശത്ത് വൻ നാശനഷ്ടമാണുണ്ടാക്കിയത്. ഇന്നും ജില്ലയിൽ ഒറ്റപ്പെട്ട തീവ്ര മഴയ്ക്കു സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചിരിക്കുന്നത്.
കിഴക്കൻ മേഖലയിൽ ഗതാഗതം മുടങ്ങി
കോട്ടയം: കനത്ത മഴയിൽ ജില്ലയുടെ കിഴക്കൻ മേഖലയിൽ പലയിടത്തും റോഡിൽ വെള്ളം കയറി ഗതാഗതം തടസപ്പെട്ടു. മുണ്ടക്കയം-എരുമേലി ദേശീയ പാതയിൽ ഗതാഗതം ഭാഗികമായി മുടങ്ങി.മുണ്ടക്കയം കോസ് വേയിൽ വെള്ളം കയറിയതിനെ തുടർന്നാണ് ഗതാഗതം മുടങ്ങിയത്. ചെറിയ വാഹനങ്ങൾ ഇതുവഴി കടന്നു പോകുന്നില്ല. ജലനിരപ്പ് വീണ്ടും ഉയർന്നാൽ ഗതാഗതം പൂർണമായി സ്തംഭിക്കും. എരുമേലിക്കടുത്ത് മൂക്കംപെട്ടി, അറയാഞ്ചലി എന്നിവിടങ്ങളിലും ഗതാഗതം തടസപ്പെട്ടു. കോട്ടയം -കുമളി റൂട്ടിൽ പലയിടത്തും മണ്ണിടിച്ചിൽ ഭീഷണിയുണ്ട്.