കോട്ടയം: മഴ കനത്തതോടെ കെഎസ് ആർടിസി ബസ് സ്റ്റേഷൻ ചോർന്നൊലിക്കുന്നു. യാത്രക്കാർ ഇരിക്കുന്ന ഭാഗത്തെല്ലാം വെള്ളം നിറഞ്ഞ് ആകെ കുളമായി. കെട്ടിടത്തിന്റെ മേൽക്കൂരയിൽനിന്നും തൂണുകൾ വഴിയും മഴവെള്ളം ചോർന്നൊലിക്കുകയാണ്. ചില ഭാഗങ്ങളിൽ വിള്ളലുകളും ഉണ്ട്. യാത്രക്കാർ ബസ് കാത്തിരിക്കുന്നിടം മുഴുവൻ വെള്ളത്തിലാണ്.
കെട്ടിടത്തിനകത്തെ തറയിലെ കുഴികളിൽ വെള്ളം നിറഞ്ഞും തറയിലിട്ടിരിക്കുന്ന മെറ്റൽ പുറത്തും വന്ന സ്ഥിതിയാണ് നിലവിൽ. ആളുകൾക്ക് ഇരിക്കാൻ സ്ഥാപിച്ച കസേരകളിൽ പലതും പൊട്ടിപ്പൊളിഞ്ഞ അവസ്ഥയിലാണ്. ചില കസേരകളിലും വെള്ളം കെട്ടിനിൽക്കുന്നു. സ്ഥലപരിമിതി മൂലം സ്റ്റാൻഡിനുള്ളിൽ ആളുകൾ കൂട്ടം കൂടിയാണ് നിൽക്കുന്നത്.
ബസുകൾ സ്റ്റാൻഡിനുള്ളിലേക്ക് പ്രവേശിക്കുന്പോൾ ആളുകൾ തിക്കി തിരക്കിയാണ് ബസിൽ കയറാൻ ഓടുന്നത്. ഇതിനിടയിൽ കുഴിയിൽ വീഴുന്നതും നിത്യസംഭവമാണ്. മഴ പെയ്യുന്നതോടെ ആളുകൾ കൂട്ടമായി കാത്തിരിപ്പു കേന്ദ്രത്തിലേക്ക് കയറുന്നതോടെ നിന്ന് തിരിയാൻ ഇടമില്ലാതാകും. നിലവിലുള്ളത് പൊളിച്ചുമാറ്റി ആധുനിക ബസ് ടെർമിനൽ നിർമിക്കുമെന്ന് പ്രഖ്യാപിച്ചെങ്കിലും നിർമാണത്തിൽ യാതൊരു പുരോഗതിയും ഉണ്ടായിട്ടില്ല.
മഴ ശക്തമായതോടെ യാത്രക്കാർക്ക് സ്റ്റാൻഡിനുള്ളിൽ എത്തിപ്പെടുക എന്നതും പ്രയാസകരമാണ്. ബസ്സ്റ്റാൻഡിനുള്ളിൽ എവിടെയാണ് കുഴികൾ ഒളിഞ്ഞിരിക്കുന്നതെന്ന് അറിയില്ല. കെട്ടിടത്തിന്റെ രണ്ടാം നിലയിലെ ഭിത്തിയിൽ മരങ്ങൾ വളർന്ന് അവയുടെ വേര് പടർന്നുപിടിച്ചിരിക്കുന്നു. അകത്തുള്ള വൃത്തിഹീനമായ സാഹചര്യവും ചിതറികിടക്കുന്ന മാലിന്യങ്ങളും കാരണം തെരുവുനായകളും ബസ്സ്റ്റാൻഡിൽ കൂട്ടംകൂടിയിരിക്കുകയാണ്. മഴ ശക്തമായതോടെ കെട്ടിടത്തിനുള്ളിലൂടെ നടക്കുക, ബസ്കാത്തിരിക്കുക എന്നത് ദുഷ്കരമായി മാറിയിരിക്കുകയാണ്.