മുക്കം: ഒരു മാസത്തിനുശേഷം മഴ വീണ്ടും ശക്തമായതോടെ മലയോര മേഖലയിലെ ജനങ്ങൾ വീണ്ടും ഭീതിയിൽ. രണ്ടു ദിവസമായി മഴ തുടങ്ങിയിട്ടുണ്ടങ്കിലും വ്യാഴാഴ്ച രാത്രിയാണ് മഴ ശക്തമായത് . ഇടിയേട് കൂടി പെയ്ത ശക്തമായ മഴ നാട്ടുകാരെ വീണ്ടും ഭീതിയിലാക്കിയിട്ടുണ്ട്. പത്തു ദിവസമെങ്കിലും കനത്ത മഴയ്ക്ക് സാധ്യതയുണ്ടന്നും അത് കഴിഞ്ഞാൽ തുലാവർഷം തുടങ്ങുമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്.
കഴിഞ്ഞ മാസത്തേതു പോലെ മഴ തുടർന്നാൽ എന്താവുമെന്ന ഭീതിയിലാണ് മലയോര മേഖലയിലെ ജനങ്ങൾ. ആഗസത് 15 ന് രാത്രിയിലുണ്ടായ ഉരുൾപൊട്ടലിൽ മലയോര മേഖലയിൽ വ്യാപകമായ നാശനഷ്ടമാണ് ഉണ്ടായത്. കാരശ്ശേരി, തിരുവമ്പാടി, കൂടരഞ്ഞി, കൊടിയത്തൂർ പഞ്ചായത്തുകളിൽ ഉരുൾപൊട്ടിയും മണ്ണിടിഞ്ഞും വലിയ നാശമുണ്ടായി.
കാരശ്ശേരി പഞ്ചായത്തിൽ മാത്രം 25 സ്ഥലങ്ങളിലാണ് ഉരുൾപൊട്ടിയത്. മലയോര മേഖലയിൽ കനത്ത ജാഗത പുലർത്താൻ സംസ്ഥാന ദുരന്തനിവാരണ അഥോറിറ്റിയും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.മഴ തുടർന്നാൽ ശക്തമായ മഴവെള്ള പാച്ചിലിനും സാധ്യത ഉണ്ട്.
കഴിഞ്ഞ ഉരുൾപ്പൊട്ടലിൽ താമരശേരി മേഖലയിലെ വിവിധ സ്ഥലങ്ങളിൽ മണ്ണിടിഞ്ഞ് ആളുകൾ ദുരിതത്തിലായിരുന്നു. ഇരുവഴിഞ്ഞി പുഴ യുടേയും ചെറുപുഴയുടേയും കര കവിഞ്ഞൊഴുകി വൻ നാശവുമുണ്ടായി. കൊടിയത്തൂർ, കൂടരഞ്ഞി, തോട്ടുമുക്കം, കൂമ്പാറ, കക്കാടംപൊയിൽ, കുളിരാമുട്ടി, സ്രാമ്പിക്കൽ, എന്നിവിടങ്ങളിൽ മണ്ണിടിച്ചിൽ കാരണം ദിവസങ്ങളോളം ഗതാഗതവും തടസ്സപ്പെട്ടു.
ദുരിതാശ്വാസ ക്യാമ്പുകളിലും മറ്റുമായി കഴിഞ്ഞവർ സ്വന്തം വീടുകളിലേക്ക് മടങ്ങിയെങ്കിലും ഭീതി ഇപ്പോഴും മാറിയിട്ടില്ല. ഇവരുടെയെല്ലാം പുനരധിവാസ പ്രവർത്തനങ്ങൾ നടന്നുവരുന്നതിനിടെയാണ് വീണ്ടും ഭീതി വിതച്ച് മഴയെത്തിയത് .