കോഴിക്കോട് /കൊയിലാണ്ടി: കനത്ത മഴയെ തുടര്‍ന്ന് ജില്ലയില്‍ വ്യാപകനാശനഷ്ടം. വയലിലെ വെള്ളക്കെട്ടില്‍ വീണ് ഒരാള്‍ മരിച്ചു. രാമല്ലൂർ പുതുക്കുളങ്ങര കൃഷ്ണൻകുട്ടി (65) യെയാണ് രാമല്ലൂർ സ്കൂളിനു സമീപത്തെ വയലിലെ വെള്ളക്കെട്ടിൽ മരിച്ച നിലയിൽ കാണപ്പെട്ടത്. ഞായറാഴ്ച നാല് മണിക്ക് വീട്ടിൽ നിന്നിറങ്ങിയ കൃഷ്ണൻകുട്ടി രാത്രി പത്തുമണി വരെ വീട്ടിലെത്തിയിരുന്നില്ല. തുടർന്ന് നാട്ടുകാരും ബന്ധുക്കളും നടത്തിയ തെരച്ചിലിലാണ് കൃഷ്ണൻകുട്ടി വെള്ളത്തിൽ മരിച്ചു കിടക്കുന്നത് കണ്ടത്.
കാക്കൂർ സബ് ഇൻസ്പെക്ടർ കെ.കെ.ആഗേഷ് ഇൻക്വസ്റ്റ് നടത്തി മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടം നടത്തിയതിനു ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. രണ്ടു വീടുകള്‍ക്കാണ് ഇന്നലെ കേടുപാടുകള്‍ സംഭവിച്ചതെന്നാണ് ഔദ്യോഗികമായ കണക്കുകള്‍ . അതേസമയം കൂടുതല്‍ വീടുകള്‍ക്ക് കനത്ത മഴയില്‍ നാശനഷ്ടമുണ്ടായിട്ടുണ്ടെന്നാണ് അധികൃതര്‍ നല്കുന്ന വിവരം. പലയിടത്തും ദുരിതാശ്വാസ ക്യാമ്പുകള്‍ ആരംഭിച്ചിട്ടുണ്ട്. അതേസമയം കനത്ത മഴയെ തുടര്‍ന്ന് ജില്ലയിലെ അങ്കണവാടികള്‍ക്ക് ജില്ലാ കളക്ടര്‍ ഇന്ന് രാവിലെ അവധി പ്രഖ്യാപിച്ചു.
ശക്തമായ മഴയില്‍ കാവിലുംപാറ വില്ലേജിലെ പഷ്ണ കണ്ടി പൊക്കന്റെ വീടാണ് പൂര്‍ണമായും തകര്‍ന്നത്. താമരശ്ശേരി താലൂക്കില്‍ സംരക്ഷണഭിത്തി ഇടിഞ്ഞ് രാരോത്ത് വില്ലേജില്‍ വീട് ഭാഗികമായും തകര്‍ന്നു. വടകര താലൂക്കിലും കൊയിലാണ്ടിയിലും ക്യാമ്പുകള്‍ തുറന്നിട്ടുണ്ട്. വടകരയിലെ വില്യാപ്പള്ളിയില്‍ രണ്ടു കുടുംബങ്ങളില്‍ നിന്നായി 10 പേരെ അന്‍സാര്‍ കോളജിലെ ദുരിതാശ്വാസ ക്യാമ്പിലുണ്ട്. ശക്തമായി പെയ്ത മഴയില്‍ കൊയിലാണ്ടി കീഴരിയൂര്‍ വില്ലേജിലെ വിവിധ ഭാഗങ്ങളില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് 79 ആളുകളെ ക്യാമ്പുകളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചു. ഇവിടെ രണ്ട് ദുരിതാശ്വാസ ക്യാമ്പുകള്‍ തുടങ്ങി.
വീടുകളില്‍ വെള്ളം കയറിയതിനെ തുടര്‍ന്നാണ് കുടുംബങ്ങളെ മാറ്റി താമസിപ്പിച്ചത്. നടുവത്തൂരിലെ റീജിണല്‍ ട്രെയിനിംഗ് സെന്റര്‍ ഫോര്‍ സ്കൗട്ട് ആൻഡ് ഗൈഡ്സില് ഒരു കുടുംബത്തിലെ 14 പേരും നടുവത്തൂര്‍ ഈസ്റ്റ് എല്‍പി സ്കൂളില്‍ 12 കുടുംബങ്ങളിലെ 65 പേരുമാണ് ക്യാമ്പില്‍ കഴിയുന്നത്. പല സ്ഥലങ്ങളിലും വെള്ളപ്പൊക്ക ഭീഷണിയിലാണ്. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി നാല് താലൂക്കുകളിലും കണ്ട്രോള് റൂം സജ്ജമാക്കിയിട്ടുണ്ട്. കണ്ട്രോള് റൂം നമ്പറുകള്‍: 0495-2372966 (കോഴിക്കോട്) 0496-2620235 (കൊയിലാണ്ടി), 0495 2223088 (താമരശേരി), 04962522361 (വടകര), 1077 (കളക്ടറേറ്റ്) .