മുക്കം: കോഴിക്കോട് ജില്ലയുടെ കിഴക്കൻ മലയോര മേഖല വീണ്ടും ഭീതിയിൽ. ഇന്നലെ രാത്രി പെയ്ത ശക്തമായ മഴയിൽ നദികൾ കരകവിഞ്ഞു.മലയോര മേഖലയിലൂടെ ഒഴുകുന്ന ചാലിയാറും ഇരുവഴിഞ്ഞിപ്പുഴയുമാണ് കര കവിഞ്ഞത്. ഇതോടെ മലയോര ജനത വീണ്ടുടുമൊരു പ്രളയഭീതിയിലാണ്. കഴിഞ്ഞ ദിവസം തുടങ്ങിയ ശക്തമായ മഴയാണ് മൂന്ന് ദിവസത്തിന് ശേഷം മലയോര മേഖലയിൽ വലിയ നാശ നഷ്ടങ്ങൾക്ക് കാരണമായത്.
അതിന് സമാനമായ രീതിയിലാണ് ഇപ്പോൾ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറുന്നത്. മാത്രമല്ല 2012 ഓഗസ്റ്റ് ആറിനാണ് പുല്ലൂരാംപാറ ഉരുൾപൊട്ടലും ഉണ്ടായത്. അത്കൊണ്ട് ഭീതി മലയോര മേഖലയിൽ ഇനിയും വിട്ടൊഴിഞ്ഞിട്ടില്ല. കഴിഞ്ഞ വർഷം കാരശ്ശേരി കൊടിയത്തൂർ പഞ്ചായത്തുകളിൽ മാത്രം 30 ഓളം സ്ഥലങ്ങളിൽ ഉരുൾപൊട്ടലുണ്ടായിരുന്നു.
മുക്കം നഗരസഭ, കാരശ്ശേരി, കൊടിയത്തൂർ, തിരുവമ്പാടി, കൂടരഞ്ഞി ,മാവൂർ, പെരുവയൽ പഞ്ചായത്തുകളിൽ ഒട്ടുമിക്ക സ്ഥലങ്ങളിലും വെള്ളം കയറി വലിയ നാശ നഷ്ടങ്ങളും ഉണ്ടായിരുന്നു. ഈവർഷം ഉണ്ടായതിൽ വെച്ച് ഏറ്റവും ഉയർന്ന ജലനിരപ്പാണ് ഇരു പുഴകളിലും പുഴയോര പ്രദേശങ്ങളിലും അനുഭവപ്പെട്ടത്. മലയോരത്തെ മറ്റ് താഴ്ന്ന പ്രദേശങ്ങളിലും വെള്ളം കയറി തുടങ്ങിയിട്ടുണ്ട്.