അടൂര്‍: തോരാതെ പെയ്യുന്ന കനത്ത മഴയെ തുടര്‍ന്ന് പന്തളം കരിങ്ങാലി പുഞ്ചയില്‍ വലിയ തോതില്‍ നെല്‍കൃഷി നാശം.
കരിങ്ങാലി പുഞ്ചയില്‍ ചിറ്റിലപാടം, മഞ്ഞണംകുളം, വാരുകൊല്ല, വലിയകൊല്ല, പട്ടംകൊല്ല, മൂന്ന് കുറ്റി തുടങ്ങിയ പ്രദേശങ്ങളിലെ 1200 ഹെക്ടര്‍ പ്രദേശത്തു വിളവെടുപ്പിനു പാകമായ 450 ഹെക്ടര്‍ സ്ഥലത്തെ നെല്‍കൃഷിയാണ് വെള്ളം കയറി നശിച്ചത്.
150 ഹെക്ടര്‍ സ്ഥലത്തെ നെല്ല് കൊയ്തു എങ്കിലും ഇതുവരെ സിവില്‍ സപ്ലൈസ് കോര്പറേഷന് അത് ഏറ്റെടുത്തിട്ടില്ല. മഴ കനത്തതോടെ കൊയ്ത നെല്ല് വെള്ളം നനയാതെ ടാര്‍പ്പ കൊണ്ട് മൂടി ഇട്ടിരിക്കുകയാണ്.
300 ഹെക്ടര്‍ സ്ഥലത്തെ നെല്‍കൃഷി കൊയ്യാന്‍ പറ്റാത്ത വിധം വെള്ളം കയറി നശിച്ചിരിക്കുകയാണ്. നെല്‍കൃഷി ഇന്‍ഷ്വര്‍ ചെയ്തിട്ടുണ്ടെങ്കിലും കര്‍ഷകര്‍ക്ക് പൂര്‍ണമായ നഷ്ടപരിഹാരം ലഭിക്കില്ല.
മുഴുവന്‍ നഷ്ടവും കണക്കാക്കി സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കുന്നതിന് ബന്ധപ്പെട്ട കൃഷിവകുപ്പ് ഡെപ്യൂട്ടി ഡയറക്റ്റര്‍ക്ക് നിര്‍ദേശം നല്‍കിയതായി സ്ഥലം സന്ദര്‍ശിച്ച ചിറ്റയം ഗോപകുമാര്‍ എംഎല്‍എ പറഞ്ഞു.
നാശനഷ്ടം സംഭവിച്ച കര്‍ഷകര്‍ക്ക് അടിയന്തര ധനസഹായം ലഭ്യമാക്കാന്‍ ഇടപെടണമെന്ന് എംഎല്‍എ കൃഷിവകുപ്പിനോടും ഗവണ്മെന്റിനോടും അഭ്യര്‍ഥിച്ചു.
കിസാന്‍സഭ സംസ്ഥാന സെക്രട്ടറി എ. പി. ജയന്, പന്തളം നഗരസഭ കൗണ്‍സിലര്‍ അരുണ്‍കുമാര്‍, കെ. സി. സരസന്, എസ്. രാജേന്ദ്രന്, പന്തളം മണിക്കുട്ടന് കര്‍ഷകരായ എം. ജെ. രാജു, ശ്രീധരന് തുടങ്ങിയവരും ഒപ്പമുണ്ടായിരുന്നു.