കോട്ടയം: കാലവര്‍ഷം കടക്കെണിയിലാക്കിയതു ജില്ലയിലെ ചെറുകിട കര്‍ഷകരെ. രണ്ടാഴ്ച തുടര്‍ച്ചയായി ഉണ്ടായ മഴയിലും കാറ്റിലും ഉണ്ടായ കാര്‍ഷിക നഷ്ടം പ്രാഥമികമായി 6.42 കോടി രൂപയാണ്. ഇതോടെ കടംവാങ്ങിയും സ്വര്‍ണം പണയംവച്ചും ഓണവിപണി ലക്ഷ്യമിട്ട കര്‍ഷകരാണു പ്രതിസന്ധിയിലായത്. ശക്തമായ മഴയിലും കാറ്റിലുമാണു വ്യാപകമായ നാശം സംഭവിച്ചത്.
ഏക്കറുകണക്കിനു നെല്ല്, ഏത്തവാഴ, പച്ചക്കറികള്‍, ചേന തുടങ്ങിയ കൃഷികളാണു പാടെ നശിച്ചത്. ഇതിനു പുറമെ നിരവധി റബര്‍, ജാതി, കൊക്കോ മരങ്ങളും കാറ്റില്‍ കടപുഴകി. ജില്ലയിലെ വിവിധ മേഖലകളിലായി വേനല്‍മഴയില്‍ 24 കോടിയിലേറെ രൂപയുടെ നഷ്ടമാണുണ്ടായതെന്നു കണക്കുകള്‍ വ്യക്തമാക്കുന്നു. ഇതിനു പിന്നാലെ എത്തിയ കാലവര്‍ഷം കര്‍ഷകരുടെ സാഹചര്യം കൂടുതല്‍ മോശമാക്കി.
ജില്ലയുടെ പടിഞ്ഞാറന്‍ മേഖലകളായ കടുത്തുരുത്തി, ഞീഴൂര്‍ പ്രദേശങ്ങളിലാണു കൂടുതല്‍ കൃഷി നാശം സംഭവിച്ചത്. 241.51 ഹെക്ടര്‍ സ്ഥലത്ത് ഉണ്ടായിരുന്ന 140 കര്‍ഷകരുടെ വിവിധ വിളകള്‍ നശിച്ചു. വാഴയ്ക്കും നെല്ലിനുമാണ് ഏറ്റവുമധികം നാശം സംഭവിച്ചത്. 176 ഹെക്ടര്‍ സ്ഥലത്തെ നെല്‍കൃഷി മഴയില്‍ പരിപൂര്‍ണമായി നശിച്ചു.
137 കര്‍ഷകരെയാണ് ദുരിതം ബാധിച്ചത്. 541 കര്‍ഷകരുടെ 26 ഹെക്ടറിലെ മുപ്പതിനായിരത്തിനടുത്ത് വാഴകള്‍ നശിച്ചിട്ടുണ്ട്. ഓണം ലക്ഷ്യമാക്കി കൃഷി ചെയ്തിരുന്ന ഏത്തവാഴകളാണ് നശിച്ചവയില്‍ ഏറെയും. കുലച്ചു തുടങ്ങിയതിനു പിന്നാലെ ഒടിഞ്ഞു വീഴുകയായിരുന്നു. തുടര്‍ച്ചയായുണ്ടാകുന്ന കാലാവസ്ഥാമാറ്റം കാര്‍ഷിക മേഖലയില്‍ വലിയ ദുരിതം സൃഷ്ടിക്കുകയാണ്.
ഒന്നിനു പുറകെ ഒന്നായി എത്തുന്ന കാലവര്‍ഷക്കെടുതികള്‍ കര്‍ഷകരെ കടത്തില്‍നിന്നും കടത്തിലേക്കു തള്ളിവിടുകയാണ്. ജില്ലയുടെ മറ്റു മേഖലകളിലും നെല്ലും വാഴയും കൂടാതെ റബര്‍, കുരുമുളക്, ജാതി, കപ്പ, തെങ്ങ്, കവുങ്ങ്, മാങ്ങ, പച്ചക്കറി തുടങ്ങിയവയും നശിച്ചു.
കഴിഞ്ഞ രണ്ടാഴ്ചത്തെ മഴയിലുണ്ടായ കൃഷി നാശത്തിന്റെ കണക്കെടുപ്പ് ഇതുവരെ പൂര്‍ത്തിയായിട്ടില്ല.
നഷ്ടം കണക്കാക്കിയായാലും പരിഹാര തുക ലഭിക്കാന്‍ വൈകുന്നതു കര്‍ഷകരെ നിരാശരാക്കുകയാണ്. ഓണവിപണിയായിരുന്നു അവസാന പ്രതീക്ഷയെന്നും ഇനി എന്തുചെയ്യുമെന്നറിയില്ലെന്നും കര്‍ഷകര്‍ പറയുന്നു.