വടക്കഞ്ചേരി: കൃഷി നാശം പരിശോധിക്കാൻ വിമുഖത കാട്ടിയ ഉദ്യോഗസ്ഥർ സ്ഥലത്ത് മാധ്യമപ്രവർത്തകരും പഞ്ചായത്ത് മെംബറും എത്തിയിട്ടുണ്ടെന്നറിഞ്ഞതോടെ മിനിറ്റുകൾക്കുള്ളിൽ സ്ഥലത്ത് പാഞ്ഞെത്തി പരിശോധന നടത്തി.
ഇന്നലെ ഉച്ചയ്ക്ക് വള്ളിയോട് പൂക്കാടാണ് അധികൃതരുടെ ഈ ശുഷ്കാന്തി കണ്ട് ജനം അന്തംവിട്ടത്. കഴിഞ്ഞ വെള്ളിയാഴ്ച വൈകീട്ട് നാലരയോടെയാണ് ഇവിടെയുണ്ടായ ശക്തമായ ചുഴലിക്കാറ്റിൽ അംബിക മുരളീധരൻ എന്ന വീട്ടമ്മ കൃഷി ചെയ്തിരുന്ന നേന്ത്രവാഴകൾ കൂട്ടത്തോടെ ഒടിഞ്ഞുവീണത്.
500 നേന്ത്രവാഴകളിൽ 200 എണ്ണം ഒടിഞ്ഞു നശിച്ചു. കുല വന്ന് ഏതാനും ആഴ്ചയായതു മുതൽ മൂപ്പെത്താറായ കുലകൾ വരെയുണ്ട് ഒടിഞ്ഞുവീണവയുടെ കൂട്ടത്തിൽ.
പൂക്കാട് അംബികയും ഇവരുടെ മക്കളായ ശ്രീജിത്തും ശ്രീക്കുട്ടിയും ചേർന്നാണ് വാഴകൃഷി നടത്തുന്നത്. മക്കൾ ഇരുവരും വിദ്യാർഥികളാണ്. ഭർത്താവ് മരിച്ച അംബിക പാട്ടത്തിന് സ്ഥലം എടുത്താണ് വാഴകൃഷിയും പശു വളർത്തലുമായി മക്കളുടെ പഠനവും മറ്റു ജീവിത ചെലവുകളും കൂട്ടിമുട്ടിച്ചു പോകുന്നത്.
പലയിടത്തുനിന്നായി വായ്പ എടുത്താണ് നേന്ത്രവാഴ കൃഷി ചെയ്തത്. ഒരുമാസം കഴിഞ്ഞാൽ പകുതിയോളം കുലയെങ്കിലും വെട്ടിവിറ്റ് വായ്പ ഗഡുക്കൾ അടയ്ക്കാമെന്ന് കരുതിയിരിക്കുമ്പോഴാണ് അപ്രതീക്ഷിതമായെത്തിയ കാറ്റ് ഈ കുടുംബത്തിന്റെ പ്രതീക്ഷകൾ തകിടം മറിച്ചത്.
സർക്കാരിൽ നിന്നും എന്തെങ്കിലും നഷ്ടപരിഹാരം കിട്ടുമെന്ന് കരുതിയാണ് സംഭവം നടന്ന വെള്ളിയാഴ്ച തന്നെ വിവരം കൃഷിവകുപ്പ് അധികൃതരെ അറിയിച്ചത്. കൃഷിഭവനിൽ നിന്നും ഒരാൾ എത്തി പരിശോധിച്ചു പോയതല്ലാതെ തുടർനടപടികൾ ഉണ്ടായില്ല.
പിന്നീട് വിളിച്ചപ്പോൾ മേലുദ്യോഗസ്ഥർ വന്ന് പരിശോധിക്കേണ്ടതുണ്ട്, ഒടിഞ്ഞുവീണ വാഴക്കുലകൾ വെട്ടി മാറ്റണ്ട എന്നും വീട്ടമ്മയോടു പറഞ്ഞു.
എന്നാൽ വെള്ളിയാഴ്ച സംഭവമുണ്ടായി ശനിയാഴ്ചയും ഞായറാഴ്ചയും പിന്നിട്ട് തിങ്കളാഴ്ച ഉച്ചയായിട്ടും ആരും വരാതായപ്പോഴാണ് പഞ്ചായത്ത് മെംബർ എ.എം. സേതു ഇടപ്പെട്ടത്.
രണ്ടുദിവസത്തെ വെയിൽ കൊണ്ട് ഇതിനകം കായ കുലകൾ വാടികരുവാളിച്ചു. ഇനി വെട്ടി കൊടുത്താലും തന്നെ ആരും വാങ്ങില്ല എന്ന സ്ഥിതിയുമായി. ഈ വിവരമറിഞ്ഞ് മാധ്യമപ്രവർത്തകരും സ്ഥലത്തെത്തിയതോടെയാണ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയത്.
അധ്വാനിച്ചുണ്ടാക്കിയ കൃഷി നശിച്ചപ്പോൾ അതു കാണാൻ പോലും ഉത്തരവാദപ്പെട്ട അധികൃതർ എത്താൻ വൈകിയതിൽ കർഷകർക്കിടയിലും വലിയ പ്രതിഷേധങ്ങൾക്കിടയാക്കിയിട്ടുണ്ട്.