ഒറ്റപ്പാലം: തിരുവാതിര ഞാറ്റുവേല സമൃദ്ധിയിൽ തിരിമുറിയാതെ മഴ പെയ്യേണ്ട സമയത്തും നെല്ലറയെ മഴ ദൈവങ്ങൾ കനിയുന്നില്ല. മഴയില്ലാതായതോടെ കർഷകർ ആധിയിലാണ്. ഞാറുനടാൻപോലും വെള്ളമില്ലാത്ത സാഹചര്യമാണുള്ളത്.
തിരുവാതിര ഞാറ്റുവേല തിരിമുറിയാതെ എന്ന പഴഞ്ചൊല്ലിൽപോലും പതിര് വിളഞ്ഞ സ്ഥിതിയാണ്. നെൽപ്പാടങ്ങൾ കാർഷികവൃത്തിക്ക് പാകപ്പെടുത്തി മഴകാത്തിരുന്ന കർഷകർക്ക് ഓരോദിവസവും ആധിയുടെ നാളുകളാണ്. ഈ സ്ഥിതി തുടർന്നാൽ ഞാറുനടാൻ കഴിയാത്ത സാഹചര്യമുണ്ടാകും.
മുൻകാലങ്ങളിൽ ഇക്കാലത്ത് സമൃദ്ധമായി മഴവെള്ളം ലഭിക്കുകയും കാർഷികവൃത്തി വളരെ വേഗത്തിൽ നടത്താൻ കഴിയുന്ന സാഹചര്യമുണ്ടാകുകയും ചെയ്തിരുന്നു. ഒന്നാംവിള നെൽകൃഷിക്കുള്ള ഞാറുനടീൽ ആണ് ദ്രുതഗതിയിൽ നടക്കേണ്ടത്.
താളംതെറ്റി കിടക്കുന്ന നെൽകൃഷിക്ക് ഉണർവേകാൻ മലന്പുഴ അണക്കെട്ട് തുറന്നുവിടാൻ ഒരുക്കങ്ങളായിട്ടുണ്ട്. മഴപെയ്യാൻ മടിച്ചു നില്ക്കുന്ന സാഹചര്യത്തിലാണ് കർഷകർക്ക് ആശ്വാസമായി മലന്പുഴ അണക്കെട്ട് തുറക്കുന്നത്.
പെയ്യാൻ മടിച്ചുനില്ക്കുന്ന മഴയിൽ തിരുവാതിര ഞാറ്റുവേല കാലത്തും കൃഷി തടസപ്പെടുന്നതും വെള്ളത്തിനായി മലന്പുഴ അണക്കെട്ട് തുറക്കേണ്ടി വരുന്നതും സമീപകാലത്തൊന്നും ഉണ്ടാകാത്ത കാര്യമാണ്.
നടീൽ പ്രവൃത്തികൾക്കായി ഒരുക്കിയ ഞാറുകൾ ഒരു മാസം കഴിഞ്ഞിട്ടും പറിച്ചുനടാൻ കഴിയാതെ പാടത്തുതന്നെ നില്ക്കുകയാണ്.കാർഷിക വൃത്തിയിൽനിന്നും കർഷകർ പിന്തിരിയുകയും കൃഷിഭൂമി മുഴുവൻ തരിശായി ഇടുകയും ചെയ്യുന്ന സാഹചര്യമായിരുന്നു സമീപകാലംവരെയും ഉണ്ടായിരുന്നത്.
തരിശിടുന്ന നെൽപ്പാടങ്ങൾ മുഴുവൻ കൃഷിഭൂമികളായി വീണ്ടും പരിണമിച്ചതിനാൽ നെല്ലറയിൽ ആയിരക്കണക്കിന് ഹെക്ടർ നെൽകൃഷി തിരിച്ചുപിടിക്കാനും കഴിഞ്ഞു. പെയ്യാൻ മടിച്ചു നില്ക്കുന്ന മഴ പതിന്മടങ്ങ് ശക്തിയോടെ തിരിച്ചെത്തിയാൽ കൃഷിഭൂമിക്ക് നാശം വിതയ്ക്കാൻ ഇത് കാരണമാകുമെന്നും വിലയിരുത്തലുണ്ട്.
മുൻവർഷങ്ങളിലുണ്ടായ പ്രളയംമൂലം പതിനായിരക്കണക്കിന് ഹെക്ടർ നെൽകൃഷിയാണ് വെള്ളത്തിൽ മുങ്ങിനശിച്ചത്. ഇത്തവണയും പ്രളയം ഉണ്ടാകുമെന്ന് തന്നെയാണ് പഴമക്കാർ കരുതുന്നത്.