വെഞ്ഞാറമൂട്: കാറ്റിലും മഴയിലും താറുമാറായ വൈദ്യുതി വിതരണം പുനഃസ്ഥാപിക്കാൻ രാപ്പകലില്ലാതെ അധ്വാനിക്കുകയാണ് വെഞ്ഞാറമൂട് കെഎസ്ഇബി സെക്ഷനിലെ 28 ലൈൻമാൻമാർ. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ രോഗം പകരാതിരിക്കാനുള്ള എല്ലാ മുൻകരുതലുകളും എടുത്തു തന്നെയാണ് ജീവനക്കാർ വിശ്രമമില്ലാതെ ജോലി എടുക്കുന്നത്.
ജീവനക്കാരെ ടീമുകളായി തിരിച്ച് ഓരോ ടീമിനും രണ്ടു ദിവസം എന്ന രീതിയിലാണ് ലോക്ഡൗൺ കാലത്തെ ജോലികൾ പുരോഗമിക്കുന്നത്. അസിസ്റ്റന്റ് എക്സിക്യുട്ടീവ് എൻജിനിയർ സജീനയുടെ നേതൃത്വത്തിൽ അസിസ്റ്റന്റ് എൻജിനിയർ ജയശ്രീ, സബ് എൻജിനിയർമാരായ ദീപക്, അജാസ്, അരുൺ എന്നിവർ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്.
ദുരിതം വിതയ്ക്കുന്ന കാറ്റും മഴയും പ്രതിസന്ധി സൃഷ്ടിച്ചതോടെയാണ് ഗ്രാമീണ മേഖലയിലെ സെക്ഷൻ ഓഫീസ് ജീവനക്കാർക്ക് ജോലിഭാരം ഇരട്ടിയായത്.ഞായറാഴ്ച രാത്രി മുതൽ വെഞ്ഞാറമൂട് മേഖലയിൽ വൈദ്യുതി വിതരണം തടസപ്പെട്ടിരുന്നു.
മഴയ്ക്കൊപ്പം ആഞ്ഞുവീശുന്ന കാറ്റിൽ മരങ്ങൾ വീണു വൈദ്യുത തൂണുകൾ ഒടിയുന്നതും ലൈനുകൾ മുറിഞ്ഞു വീഴുന്നതുമാണ് നിലവിൽ വൈദ്യുതി നിലയ്ക്കാനുള്ള പ്രധാന കാരണങ്ങൾ.ഒരു ഭാഗത്തെ തടസങ്ങൾ നീക്കി തിരിച്ചെത്തുമ്പോൾ അടുത്ത സ്ഥലത്തു മരം വീണു പ്രശ്നമാകും.
മലയോര മേഖലയിൽ കാറ്റടിച്ചാൽ തന്നെ വൈദ്യുതി മുടങ്ങുമെന്നതാണു സ്ഥിതി. വൈദ്യുതി മുടങ്ങുന്നതോടെ കുഴൽക്കിണറുകളിൽ നിന്നു വെള്ളം എടുക്കാനും സാധിക്കില്ല. ഇതോടെ കെഎസ്ഇബി ഓഫീസിലെ ഫോണിനു വിശ്രമമുണ്ടാകില്ല. കുന്നുകളും മലകളും നിറഞ്ഞ മലയോര മേഖലയുടെ പല ഭാഗങ്ങളിലും എത്തിപ്പെടുന്നതു തന്നെ ദുഷ്കരമാണ്.
ലോക്ഡൗൺ കാലത്ത് വൈദ്യുതി ദിവസങ്ങളോളം തടസപ്പെടുമായിരുന്ന സന്ദർഭത്തിതിലും പരിമിതിയിൽ സാഹസികമായി തടസമില്ലാതെ വെളിച്ചമെത്തിച്ചു തന്ന വെഞ്ഞാമൂട് കെഎസ്ഇബി സെക്ഷൻ ഓഫീസിലെ ജീവനക്കാർക്ക് ബിഗ് സലൂട്ട് നൽകുകയാണ് നാട്ടുകാർ.