കോട്ടയം: ബംഗാള് ഉള്ക്കടലില് രൂപംകൊണ്ട യാസ് ചുഴലിക്കാറ്റ് തീവ്രത കൈവരിച്ചതോടെ സംസ്ഥാനത്ത് കനത്ത മഴ.
ഇന്നലെ രാത്രി തുടങ്ങിയ മഴ ഇപ്പോഴും തുടരുകയാണ്.
ചില സമയങ്ങളില് ഒറ്റപ്പെട്ട ശക്തമായ മഴയാണ് പെയ്യുന്നത്. കനത്ത മഴയില് കോട്ടയം ജില്ലയിലെ നദികളില് ജലനിരപ്പ് ഉയര്ന്നു. മണിമലയാര് മുണ്ടക്കയം കോസ് വേ ഭാഗത്ത് കരകവിഞ്ഞു. മീനച്ചിലാറ്റിലും മൂവാറ്റുപുഴയാറ്റിലും ജലനിരപ്പ് ക്രമാതീതമായി ഉയര്ന്നു കഴിഞ്ഞു.
കനത്ത മഴയില് ഇന്നു പുലര്ച്ചെ കെകെ റോഡില് കുട്ടിക്കാനത്തിനും പെരുവന്താനത്തിനും ഇടയില് മൂന്നിടങ്ങളില് മണ്ണിടിച്ചിലുണ്ടായി ഗതാഗതം തടസപ്പെട്ടു. മരങ്ങളും റോഡിലേക്ക് കടപുഴകിയിട്ടുണ്ട്.
പെരുവന്താനം, അമലഗിരി, പ്രദേശങ്ങളിലാണ് മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടത്. ഇന്നു പുലര്ച്ചെ ആറോടെയാണ് ഗതാഗതം പുനസ്ഥാപിച്ചത്.
കോട്ടയം നഗരത്തില് ഇന്നലെ രാത്രിയിലുണ്ടായ കാറ്റ് നഗരത്തെ വിറപ്പിച്ചു. വ്യാപക നാശനഷ്ടമാണുണ്ടായിരിക്കുന്നത്. കഞ്ഞിക്കുഴി മൗണ്ട് കാര്മല് സ്കൂളിനു സമീപം വൈദ്യുതി പോസ്റ്റുകള് കാറ്റില് തകര്ന്നു. വയസ്കരകുന്നലെ അഗ്നിശമന സേന ഓഫീസിനു മുന്നിലെ മരവും കടപുഴകി.
പരസ്യബോര്ഡുകളും സ്ഥാപനങ്ങളുടെയും വീടുകളുടെയും ഷീറ്റുകള് കാറ്റില് പറന്നു പോയി. വാഗമണ് റോഡിലും പലയിടത്തും ചെറിയ മണ്ണിടിച്ചിലുണ്ടായി. തോരാമഴ തുടരുന്നതോടെ മലയോര മേഖല ഭീതിയിലാണ്.