കൊഴിഞ്ഞാന്പാറ: വടകരപ്പതി കിണർപള്ളത്തും പരിസരത്തും മുന്നൂറിലധികം കുടുംബങ്ങൾ കുടിവെള്ളക്ഷാമത്തിൽ. കാലവർഷം തുടങ്ങി രണ്ടുമാസം കഴിഞ്ഞിട്ടും മഴ ലഭിക്കാത്തതുമൂലം കിണറുകളും കുളങ്ങളും വരണ്ടുകിടക്കുകയാണ്.കിണർപള്ളം, ചെട്ടിയാർചള്ള, കള്ളിയന്പാറ, ഒഴലപ്പതി റോഡിലുള്ളവരാണ് കുടിവെള്ളത്തിനും മറ്റാവശ്യങ്ങൾക്കും വെള്ളമില്ലാതെ വലയുന്നത്.
കുടുംബനാഥൻ ഇരുചക്രവാഹനം, ഓട്ടോ എന്നിവയിൽ രണ്ടുംമൂന്നും കിലോമീറ്റർ അകലെപോയി പൈപ്പുകളിൽനിന്നുമാണ് വെള്ളം സംഭരിക്കുന്നത്. ഇതുമൂലം ഒന്നിടവിട്ട ദിവസങ്ങളിലാണ് ഇവർക്കു ജോലിക്കു പോകാൻ കഴിയുന്നത്.
താലൂക്കിൽ മിക്ക സ്ഥലത്തും കാലവർഷം ആരംഭിച്ചുവെന്ന കാരണം പറഞ്ഞ് ലോറിവെള്ളം വിതരണം നിർത്തിയിരുന്നു. ലോറിവെള്ളം വിതരണം പുനരാരംഭിക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാർ പഞ്ചായത്ത് അധികൃതർക്ക് പരാതി നല്കി കാത്തിരിക്കുകയാണ്.
സ്കൂളിൽ പോകുന്ന വിദ്യാർഥികൾക്ക് മിനറൽ വാട്ടർ വാങ്ങിയാണ് കൊടുത്തുവിടുന്നത്. കാലവർഷസമയത്തുപോലും ലഭിക്കാത്തതിനാൽ കുടിവെള്ളം എത്തിക്കാൻ അധികൃതർ സ്ഥിരം സംവിധാനം ഏർപ്പെടുത്തണമെന്നാവശ്യപ്പെട്ട് സമരത്തിന് ഒരുങ്ങുകയാണ്.