കുറിച്ചി: മഴയ്ക്കു കുറവുണ്ടെങ്കിലും താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറിയതോടെ വെല്ലുവിളികളിൽ നട്ടം തിരിഞ്ഞ് പടിഞ്ഞാറൻ മേഖല.കൃഷി നാശത്തിനു പിന്നാലെ വീടുകളുടെയും കെട്ടിടങ്ങളുടെയും ഭിത്തിയും വിണ്ടു കീറുന്നതാണ് വലയ്ക്കുന്നത്.
അധികൃതരുടെ കനിവിനായി കാത്തിരിക്കുകയാണ് ഇവിടെയുള്ളവർ. മാസങ്ങളായി വെള്ളം കയറിക്കിടക്കുന്നതോടെയാണ് വീടുകൾ നാശത്തിന്റെ വക്കിലെത്തിയിരിക്കുന്നത്.
പുഞ്ചകൃഷിക്കുശേഷം വെള്ളം കയറ്റിയ പാടത്തെ തുരുത്തുകളിലേയും പുറബണ്ടുകളിലേയും വീടുകളാണു താഴ്ന്നു പോകുകയും പൊട്ടിക്കീറുകയും ചെയ്യുന്നതിലേറെയും.
കൂടുതൽ കാലം വെള്ളത്താൽ ചുറ്റപ്പെട്ടുകിടക്കുന്പോൾ തറക്കടിയിലെ മണ്ണ് അയഞ്ഞു പോകുന്നതാണു വീടുകൾക്ക് അപകടം സൃഷ്ടിക്കുന്നത്.
പാടത്തേയും പുറംബണ്ടിലേയും ഉറപ്പില്ലാത്ത മണ്ണിൽ നിർമിക്കുന്ന വീടുകൾക്കാണു കേടുപാടുകൾ കൂടുതൽ സംഭവിക്കുന്നത്.
കൃഷി ഉള്ള സമയത്ത് മണ്ണ് ഉണങ്ങുകയും കൃഷിക്കുശേഷം വെള്ളം കയറ്റുന്പോൾ മണ്ണ് അയയുകയും ചെയ്യുന്നതോടെ വീട് താഴുകയും ചെരിയുകയും ചെയ്ത് ഭിത്തിയും തറയും പൊട്ടിപ്പോകുകയാണു പതിവ്.
കുമരകത്ത് കൊല്ലകരി, ഇടവട്ടം, മങ്കുഴി, മൂലേപ്പാടം തുടങ്ങിയ പാടശേഖരങ്ങളിലെ വീടുകൾ വർഷത്തിൽ നാലു മാസത്തോളം വെള്ളത്തിലാണ്. വീടുകളോട് ചേർന്നുള്ള കക്കൂസ് ടാങ്കുകൾ പൊട്ടി മലിനജലം വെള്ളത്തിൽ കലരുന്നത് നിത്യസംഭവമാണ്.
ഇത് ജലജന്യ രോഗങ്ങൾക്ക് കാരണമാകുന്നു. വെള്ളത്തിന്റെ കുത്തൊഴുക്കിൽ മണ്ണൊലിച്ചു പോയി ഇടവഴികൾ തകരുന്നതായും നാട്ടുകാർ പറയുന്നു.