കുമരകം: കഴിഞ്ഞ ദിവസം പെയ്ത മഴയെ തുടർന്ന് കിഴക്കൻ വെള്ളത്തിന്റെ വരവിനു ശക്തിയാർജിച്ചതോടെ പടിഞ്ഞാറൻ മേഖലയിലെ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലായി.തിരുവാർപ്പ്, കുമരകം, അയ്മനം തുടങ്ങിയ പഞ്ചായത്തുകളിലെ താഴ്ന്ന പ്രദേശങ്ങളിലാണ് വെള്ളപ്പൊക്ക കെടുതി രൂക്ഷമായത്.
മീനച്ചിലാറ്റിലും മണിമലയാറ്റിലും പലയിടങ്ങളിലൂം കരതൊട്ട് ഒഴുകി. വിരുപ്പു കൃഷിയിറക്കാത്ത പാടശേഖരങ്ങളിലെ തുരുത്തുകളിലും പുറംബണ്ടുകളിലും താമസിക്കുന്നവരുടെ വീടുകളിൽ വെള്ളം കയറി.
ചെങ്ങളം ഉസ്മാൻ കവലക്ക് സമീപം പുതുക്കാട്ട് അന്പത് പാടശേഖരത്തിന്റെ കിഴക്കേ അറ്റത്തുള്ള അഞ്ചരയേക്കർ നിലം കഴിഞ്ഞ മുപ്പതു വർഷമായി തരിശായി കിടക്കുന്നത് പരിസരവാസികളെ ഏറെ ദുരിതത്തിലാക്കി കഴിഞ്ഞു.
ഒട്ടുമിക്ക വീടുകൾക്കുള്ളിലും ഇന്നലെ വെള്ളം കയറി. സമീപത്തുള്ള കോഴി കടയിൽനിന്നും ഒഴുകിയെത്തുന്ന മാലിന്യങ്ങളോടു കൂടിയ വെള്ളമാണ് വീടുകൾക്കുള്ളിൽ കയറിയിരിക്കുന്നത്. ഇതു പലവിധ രോഗങ്ങൾക്കും കാരണമാകുമെന്നാണ് വീട്ടുകാരുടെ ആശങ്ക.
പാലപറന്പിൽ റഷീദ്, പാലപറന്പിൽ നാസർ, സലി കൊച്ചുകളം, മനോജ് കൊച്ചുകളം തുടങ്ങിയ വീട്ടുകാരാണ് വെള്ളം കയറിയ വീടുകളിൽ ഇപ്പോൾ കഴിയുന്നത്. പടിഞ്ഞാറൻ മേഖലയിലെ താഴ്ന്ന പ്രദേശങ്ങളിൽ ഏതാനും ദിവസങ്ങളായി വെള്ളക്കെട്ട് രൂപപ്പെട്ടിരുന്നു.
വിരിപ്പു കൃഷി ഇറക്കിയ പല പാടശേഖരങ്ങളിലേയും രണ്ടാഴ്ചയോളം പ്രായമായ നെൽച്ചെടികൾ വെള്ളത്തിനടിയിലാണ്.മോട്ടോറുകൾ പ്രവർത്തിപ്പിക്കുന്നുണ്ടെങ്കിലും പാടങ്ങളിൽ ജലനിരപ്പ് കുറയുന്നില്ല.
തിരുവാർപ്പ് പഞ്ചായത്തിലെ കീറ്റ്പാടം, മാടപ്പള്ളിക്കാട്, കുമരകം പഞ്ചായത്തിലെ ഇടവട്ടം, കൊല്ലകേരി, പടിഞ്ഞാറ്റുകാട്, അയ്മനം പഞ്ചായത്തിലെ വട്ടക്കായൽ, തട്ടേപാടം തുടങ്ങിയ പാടങ്ങളിലെ വിരുപ്പു കൃഷിയാണ് പ്രതിസന്ധി നേരിടുന്നത്. ഇന്നലെ ഉച്ചയ്ക്കുശേഷം മഴ ശക്തമാകാത്തതിനാൽ ആശങ്ക വേണ്ടെന്നാണ് അധികൃതരുടെ മുന്നറിയിപ്പ്.