കുമരകം: മഴ ശക്തമായതോടെ ജില്ലയുടെ പടിഞ്ഞാറൻ പ്രദേശങ്ങളിൽ ജലനിരപ്പ് ഉയർന്നു. വെള്ളപ്പൊക്കമുണ്ടായാൽ നെൽ കൃഷിയിലും വലിയ നഷ്ടം സംഭവിക്കും. തിരുവാർപ്പ്, കുമരകം, അയ്മനം പഞ്ചായത്തുകളിലെ താഴ്ന്ന പ്രദേശങ്ങളിൽ ഇപ്പോൾ തന്നെ വെള്ളപ്പൊക്കത്തിനു സമാനമായ സ്ഥിതിയാണ്. ചിലയിടങ്ങളിൽ വീടുകൾക്കുള്ളിലും വെള്ളം കയറിയിട്ടുണ്ട്.
കഴിഞ്ഞ ദിവസങ്ങളിലും ഇന്നും കനത്ത മഴയാണ് പ്രദേശത്തുണ്ടായത്. മഴ തുടരുകയും കിഴക്കൻ വെള്ളം കൂടുതലായി ഒഴുകി എത്തുകയും ചെയ്താൽ ദുരിതാശ്വാസ ക്യാന്പുകൾ ആരംഭിക്കേണ്ടിവരുമെന്ന് അധികൃതർ അറിയിച്ചു.
വർഷ കൃഷി ഇറക്കിയ പാടങ്ങളിൽ ഏതാനും ആഴ്ച്ചകൾ മാത്രമേ കൊയ്ത്ത് ആരംഭിക്കാൻ അവശേഷിക്കുന്നുള്ളൂ. കാറ്റും മഴയും വെള്ളപ്പൊക്കവും ഈ പാടങ്ങളിലെ വിളവെടുപ്പിനെ ബാധിക്കുമെന്ന ആശങ്കയിലാണ് കർഷകർ.
വിളഞ്ഞ് പാകമാകാറായ കതിരുകൾ മഴതുടർന്നാൽ വീണ് അടിയാൻ സാധ്യതയേറെയാണ്. പുഞ്ച കൃഷി ഇറക്കാനായി വെള്ളം വറ്റിച്ച് കൃഷി പണികൾ ആരംഭിച്ച വയലുകൾക്കും പ്രതീക്ഷിക്കാതെയുണ്ടായ വെള്ളപ്പൊക്കം പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്.
തരിശു കൃഷി ആരംഭിച്ച് പ്രശസ്തി നേടിയ മെത്രാൻ കായലിൽ മട വീണതോടെ പുഞ്ചകൃഷി ഉപേക്ഷിക്കേണ്ട സ്ഥിതിയാണെന്നാണ് കർഷകർ പറയുന്നത്.
നിലം ഒരുക്കി കള കളിപ്പിച്ച് വിത നടത്താൻ കാത്തിരുന്ന കർഷകരുടേയും പ്രതീക്ഷ അസ്ഥാനത്തായി. കുമരകം തെക്കും ഭാഗത്തുള്ള പൊങ്ങലക്കരി കോളനിയിലെ 115 കുടുംബങ്ങൾ വെള്ളപ്പൊക്ക കെടുതിയിലാണ്.
ചാഴിവലത്തുകരി, കോന്നക്കേരിച്ചിറ തുടങ്ങിയ പ്രദേശങ്ങളും തിരുവാർപ്പ് പഞ്ചായത്തിലെ താമരശേരി, അംബേദ്ക്കർ, മാധവശേരി എന്നീ കോളനികളും അയ്മനം പഞ്ചായത്തിലെ ഒളശ, അലക്കുകടവ്, വല്ല്യാട് പ്രദേശങ്ങളും വെള്ളപ്പൊക്ക കെടുതിയിലാണ്.