കോട്ടയം: നെല്ലു സംഭരണത്തിന് അടിയന്തര പരിഹാരമുണ്ടാകുമെന്നു മന്ത്രിതല യോഗത്തിൽ തീരുമാനമുണ്ടായെങ്കിലും നടപടി ഒരിഞ്ചുപോലും നീങ്ങിയില്ല. ഫലമോ 2500ൽ അധികം ക്വിന്റൽ നെല്ല് വെള്ളത്തിൽ മുങ്ങി.
ഇന്നലെ മുതൽ മഴ വീണ്ടും ശക്തിപ്പെട്ടതോടെയാണ് പടിഞ്ഞാറൻ മേഖലയിൽ കൂട്ടിയിട്ടിരുന്ന നെൽക്കൂനകളിലേക്കു വെള്ളം കയറിത്തുടങ്ങിയത്.
വരും ദിവസങ്ങളിലും മഴ ശക്തമാകുമെന്നതിനാൽ എന്തു ചെയ്യണമെന്നറിയാത്ത സ്ഥിതിയിലാണ് കർഷകർ. മഴ മാറാതെ ഒന്നും നടക്കില്ലെന്ന മട്ടിലാണ് മില്ലുടമകളും പാഡി ഓഫീസും.
നാൽപ്പതിലേറെ ലോഡ് നെല്ല് കൂട്ടിയിട്ടിരിക്കുന്ന തിരുവാർപ്പ് പഞ്ചായത്തിലെ ജെ-ബ്ലോക്ക് പാടത്ത് മുട്ടൊപ്പം വെള്ളം നിറഞ്ഞതോടെ കർഷകരുടെ പ്രതീക്ഷകൾ പൊലിഞ്ഞു.
സംഭരിക്കാനുള്ളത് 3500ലേറെ ടണ്‍
ചങ്ങനാശേരി: മന്ത്രിയുടെ സന്ദർശനത്തിനു ശേഷം ജില്ലയിൽ 1,200 ടണ്‍ നെല്ല് സംഭരിച്ചതായാണ് നെല്ല് സംഭരണ വിഭാഗം അധികൃതരുടെ അവകാശവാദം. 3500ലേറെ ടണ്‍ നെല്ലാണ് വിവിധ പാടശേഖരങ്ങളിൽ ഇപ്പോഴും കെട്ടിക്കിടക്കുന്നത്.
കളക്ടറുടെ നേതൃത്വത്തിൽ കമ്മിറ്റി
കോട്ടയം: യഥാസമയം നെല്ല് സംഭരിക്കുന്നു എന്നുറപ്പാക്കാൻ ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ പ്രിൻസിപ്പൽ കൃഷി ഓഫീസർ, പാഡി മാർക്കറ്റിംഗ് ഓഫീസർ എന്നിവരടങ്ങുന്ന കമ്മിറ്റി രൂപീകരിക്കും.
2500 ക്വിന്റൽ നെല്ല് വെള്ളത്തിൽ
ചിങ്ങവനം: കനത്ത മഴയിൽ 2,500 ക്വിന്റലിലധികം നെല്ല് വെള്ളം കയറി നശിക്കുന്നു. തിരുവാർപ്പ് പഞ്ചായത്തിലെ ജെ-ബ്ലോക്ക് ഒന്‍പതിനായിരം പാടശേഖരത്തിലെ 200 ഏക്കർ പാടശേഖരത്തിലെ കൊയ്തു കൂട്ടിയ നെല്ലാണു വെള്ളത്തിലായത്.മഴ ശക്തമാകുകയും ജലനിരപ്പ് ഉയരുകയും ചെയ്യുന്നതോടെ കടമെടുത്തു കൃഷിയിറക്കിയ കർഷകർ കണ്ണീരിലായി.
വിളഞ്ഞ നെല്ല് ഉപേക്ഷിച്ചു കർഷകർ
കുമരകം: തിരുവാർപ്പ് കൃഷിഭവന്റെ കീഴിലുള്ള 50 ഏക്കറിലെ നെല്ലും കർഷകർ കൊയ്യാതെ ഉപേക്ഷിച്ചു. കുമ്മനം അകത്തുപാടം, വടക്കേ പൂവരത്തുശേരി എന്നീ പാടങ്ങളിലെ നെല്ലാണ് ഉപേക്ഷിക്കേണ്ടി വന്നത്.
11നു കൊയ്ത്ത് ആരംഭിക്കേണ്ടതിന് യന്ത്രം എത്തിയപ്പോഴാണ് കുമ്മനം അകത്തുപാടത്തെ നെല്ല് വെള്ളത്തിലായത്. കൊയ്യാനുള്ളതും പാടത്തും വരന്പത്തും കൊയ്ത് കൂനയിട്ടിരിക്കുന്നതുമായ നെല്ലും നാശത്തിന്റെ വക്കിലാണ്.
സംഭരണം ഏറ്റെടുത്ത മില്ലുകാർ നെല്ലുസംഭരണം നിർത്തിയതും ചുമട്ടുതൊഴിലാളികൾ പണിമുടക്കിയതും മഴ തുടരുന്നതുമാണ് പ്രതിസന്ധി രൂക്ഷമാക്കിയിരിക്കുന്നത്.
അയ്മനം കൃഷിഭവന്റെ കീഴിലുള്ള പാടങ്ങളിൽനിന്നു മാത്രം ഇനി 200 ടണ്‍ നെല്ലാണ് സംഭരിക്കാനുള്ളത്.നൂറിലേറെ ഏക്കറുള്ള ഇരവീശ്വരം ഇനി കൊയ്യാനുണ്ട്.
കുമരകത്തും വിളവെടുപ്പും നെല്ലുസംഭരണവും പൂർത്തിയായിട്ടില്ല. വടക്കേ പള്ളിപ്പാടത്തെ 250 ഏക്കറിലെ നെല്ലും ഇനിയും കൊയ്യാൻ അവശേഷിക്കുകയാണ്.