കുമരകം: ജൂണ്‍ മാസത്തിനു മുന്‍പേ എത്തിയ കാലവർഷം ജില്ലയുടെ പടിഞ്ഞാറൻ മേഖലയെ വീണ്ടും പ്രളയത്തിന്റെ ആശങ്കയിൽ.
ശക്തമായി ചെയ്യുന്ന മഴയും അതോടൊപ്പം കിഴക്കൻ വെള്ളം ശക്തമായി ഒഴുകിയെത്തുന്നതുമാണ് പ്രളയ ഭീതി ഉണർത്തുന്നത്.
ഇല്ലിക്കൽ, ആന്പക്കുഴി, കടത്തുകടവ്, കാഞ്ഞിരം, മൂന്നു മൂല തുടങ്ങിയ പ്രദേശങ്ങളിലെ താഴ്ന്ന ഭാഗങ്ങളിലെ പല വീടുകളിലും ഇന്നലെ തന്നെ വെള്ളം കയറി.
കിഴക്കൻ വെള്ളത്തിന്റെ വരവിനൊപ്പം കായലിലേക്കും കടലിലേക്കും വെള്ളം ഒഴുകി പോകാത്തതാണ് പ്രതിസന്ധി രൂക്ഷമാക്കുന്നത്.
വർഷ കൃഷിയിറക്കാനായി പല പാടങ്ങളും വെള്ളം വറ്റിച്ചു തുടങ്ങിയെങ്കിലും പാടത്തെ ജലനിരപ്പു കുറയുന്നില്ല. ഇത് പാടശേഖരങ്ങളുടെ പുറം ബണ്ടിലും തുരുത്തുകളിലും താമസിക്കുന്നവരേയും ഏറെ ദുരിതത്തിലാക്കുകയാണ്.
മോട്ടോർ പുറംതള്ളുന്ന വെള്ളത്തേക്കാൾ കൂടുതൽ വെള്ളം പെയ്തിറങ്ങുന്നതും അടിക്കടി വൈദ്യുതി മുടങ്ങുന്നതുമാണ് പാടത്തെ ജലനിരപ്പു താഴാത്തതിനു കാരണം.
ഇത് വർഷ കൃഷി ഇറക്കുന്നതിനും കാലതാമസം സൃഷ്ടിക്കും. കായലിലെ മുഖവാരങ്ങളിലും തോടുകളിലും എക്കൽ അടിഞ്ഞും മരച്ചില്ലകൾ ഒഴുക്ക തടസപ്പെടുത്തിക്കിടക്കുന്നതും വെള്ളപ്പൊക്കത്തിന്റെ രൂക്ഷത വർധിപ്പിക്കാനാണ് സാധ്യത.