കുമരകം: മഴ ശമിച്ചിട്ടും ജില്ലയുടെ പടിഞ്ഞാറൻ പ്രദേശങ്ങളിൽ ജലനിരപ്പ് ഉയരുന്നത് ആശങ്ക ഉയർത്തുന്നു.ജില്ലയുടെ കിഴക്കൻ പ്രദേശങ്ങളിൽനിന്ന് ഇറങ്ങിത്തുടങ്ങിയ വെള്ളം പടിഞ്ഞാറൻ മേഖലയിലേക്ക് ഒഴുകിയെത്തുകയാണ്. ഡാമുകളുടെ ഷട്ടറുകൾ അടയ്ക്കാത്തതിനാൽ വെള്ളത്തിന്റെ ഒഴുക്ക് ശക്തിയായി തുടരുന്നു.
പടിഞ്ഞാറൻ മേഖലയിൽ പെയ്ത്തുവെള്ളം ഒഴുകിയെത്തി വീടുകളിൽ വെള്ളം കയറിത്തുടങ്ങിയതിനാൽ ദുരിതാശ്വാസ ക്യാന്പുകളും സജ്ജമായിക്കഴിഞ്ഞു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ എല്ലാ സുരക്ഷാ സംവിധാനങ്ങളും ഒരുക്കുന്നുണ്ട്.
വലിയ കൃഷിനാശവും വീടുകൾക്കും കെട്ടിടങ്ങൾക്കും കേടുപാടുകളും റിപ്പോർട്ട് ചെയ്യുന്നുണ്ട്.നെൽകൃഷി ചെയ്ത കർഷകരാണ് ഭീതിയിൽ കഴിയുന്നത്.
മുൻ വർഷങ്ങളിലെ പ്രളയം പ്രതിസന്ധി സൃഷ്ടിച്ച കർഷകർ ഏറെ പ്രതീക്ഷയോടെയാണ് ഇത്തണ വിരിപ്പുകൃഷി ഇറക്കിയിരിക്കുന്നത്.
പടിഞ്ഞാറൻ മേഖലകളിൽ പ്രധാന നിരത്തുകളിലും ഗ്രാമ പ്രദേശങ്ങളിലും വെള്ളം കയറിത്തുടങ്ങി. കോട്ടയം – കുമരകം റോഡിലും തിരുവാർപ്പ് റോഡിലും വെള്ളം കയറി.
മഴ കുറഞ്ഞെങ്കിലും ജില്ലയുടെ കിഴക്കൻ പ്രദേശങ്ങളിൽ ജലനിരപ്പ് താഴുന്പോൾ പടിഞ്ഞാറൻ പ്രദേശങ്ങളിൽ ജലനിരപ്പുയരുന്നതാണ് മുൻകാലങ്ങളിലെ അനുഭവം.
താഴ്ന്ന പ്രദേശങ്ങളായ തിരുവാർപ്പ്, ആന്പക്കുഴി, ചെങ്ങളം, അയ്മനം തുടങ്ങിയ പ്രദേശങ്ങളിൽ വീടുകളിൽ വെള്ളം കയറിയിട്ടുണ്ട്. ഈ വർഷം കാര്യമായ വെള്ളപ്പൊക്കം അനുഭവപ്പെട്ടില്ലെന്ന ആശ്വാസം ഇവിടെയുള്ളവർ പറയുന്നു.
കിഴക്കൻ പ്രദേശങ്ങളിൽനിന്നും വെള്ളത്തിൽ ഒഴുകിയെത്തുന്ന ഇഴജന്തുക്കളുടെ ഭീഷണിയാണ് വരും ദിവസങ്ങളിൽ പടിഞ്ഞാറൻ പ്രദേശങ്ങൾ നേരിടുന്ന മറ്റൊരു വെല്ലുവിളി. വിവിധയിടങ്ങളിൽ ഇതിനോടകം ദുരിതാശ്വാസ ക്യാന്പുകളും ആരംഭിച്ചിട്ടുണ്ട്.
തിരുവാർപ്പ് യുപി സ്കൂളിലെ ക്യാന്പിൽ കൂടുതൽ ദുരിത ബാധിതർ എത്തിക്കൊണ്ടിരിക്കുന്നു.
വൈക്കത്ത് 500 കുടുംബങ്ങൾ വെള്ളക്കെട്ടിൽ
വൈക്കം: തോരാതെ പെയ്യുന്ന മഴയിൽ വൈക്കത്തെ താഴ്ന്ന പ്രദേശത്തെ 500 കുടുംബങ്ങൾ വെള്ളക്കെട്ടിലായി. വൈക്കം, തലയോലപ്പറന്പ്, വെള്ളൂർ, ചെന്പ്, മറവൻതുരുത്ത്, ഉദയനാപുരം, വെച്ചൂർ, തലയാഴം, ടിവി പുരം പഞ്ചായത്തുകളിലെ താഴ്ന്ന പ്രദേശങ്ങളിലും പുഴ, കായലോര മേഖലയിലുമാണ് വെള്ളം കയറിയത്.
മഴ കനത്താൽ ക്യാന്പുകളിലേക്ക് ആളുകളെ മാറ്റേണ്ടിവരുമെന്ന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ അറിയിച്ചു.
മൂവാറ്റുപുഴയാറിൽ ജലനിരപ്പ് ക്രമാതീതമായി ഉയർന്നതിനെ തുടർന്ന് കൃഷിഭൂമികളിൽ വെള്ളം കയറിയ നിലയിലാണ്.
നെൽകൃഷിയെ വെള്ളപ്പൊക്ക ദുരിതത്തിൽനിന്ന് രക്ഷിക്കാൻ പന്പിംഗ് ശക്തമാക്കാനും നടപടികൾ ആരംഭിച്ചിട്ടുണ്ട്.
കൂറ്റൻ മരങ്ങൾ ഉൾപ്പെടെ കടപുഴകി വീണുണ്ടായ നാശനഷ്ടങ്ങൾ അധികൃതർ വിലയിരുത്തിവരുന്നു. വടയാർ, പൊട്ടൻചിറ, വെട്ടിക്കാട്ട്മുക്ക്, അടിയം ഭാഗങ്ങളിലെ കടവുകളും ഇടിഞ്ഞുതാഴ്ന്നു.